പ്രയാഗിലേയ്ക്കുള്ള പ്രയാണത്തിനൊരുങ്ങി അലഹബാദ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിന്റെ പേരു മാറ്റം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. അലഹബാദിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റുന്ന കാര്യം പരിഗണിക്കാന്‍ ഗവര്‍ണര്‍ രാംനായിക്കിനോട് രേഖാമൂലം ആവശ്യപ്പെട്ടതായി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് ഇക്കാര്യം ആദ്യമായി ഉന്നയിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.
'ബോംബെ'യെ 'മുംബൈ' ആക്കി മാറ്റാന്‍ ഗവര്‍ണര്‍ രാം നായിക് വഹിച്ച പങ്ക് അനുസ്മരിച്ചാണ് അലഹബാദിന്റെ പേരു മാറ്റുന്ന കാര്യം പരിഗണിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്ന് സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.
അലഹബാദ് കുംഭമേള 2019ല്‍ നടത്താന്‍ നിശ്ചയിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം തന്നെ 'പ്രയാഗ്' പുനര്‍നാമകരണം ചെയ്യാനിടയുണ്ട്. മുഗള്‍സരായ് റെയില്‍വെ സ്റ്റേഷന് അടുത്തിടെയാണ് ദീന്‍ദയാല്‍ ഉപാധ്യായ സ്റ്റേഷന് എന്ന് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തത്.
ഇക്കഴിഞ്ഞ മെയില്‍ കുംഭമേളയുടെ ഷാഹി സ്നാനത്തിനുള്ള തീയതി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി അലഹാബാദില്‍ എത്തിയ വേളയില്‍ അഖില ഭാരതീയ അഖാഡ പരിഷത് അംഗങ്ങള്‍ അലഹബാദിനെ 'പ്രയാഗ്' ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അലഹബാദിന്റെ പേരു മാറ്റുന്ന കാര്യം വര്‍ഷങ്ങളായി ഉന്നയിച്ചു വരുന്നതാണ്.
'അലഹബാദില്‍ നിന്നുള്ള എംഎല്‍എയാണ് സിങ്. തദ്ദേശീയരുടെ വികാരമാണ് അദ്ദേഹം ഗവര്‍ണറെ അറിയിച്ചത്. ഇത് ജനങ്ങളുടെ ആവശ്യമാണ്. അല്ലാതെ പാര്‍ട്ടി അജണ്ടയല്ല.' പേരുമാറ്റത്തെ പരാമര്‍ശിച്ച് ബിജെപി വക്താവ് ചന്ദ്രമോഹന് വ്യക്തമാക്കി.