ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഭീകരരെ കൊന്നു

Tuesday 10 July 2018 2:57 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. 14 നാട്ടുകാര്‍ക്കും രണ്ടു സൈനികര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് ഷോപ്പിയാന്‍ ജില്ലയിലെ കുന്ദളന്‍ ഗ്രാമത്തില്‍ ഏറ്റുമുട്ടലുണ്ടായത്.

രണ്ടു ഭീകരര്‍ നാട്ടുകാരും ഒരാള്‍ പാക്കിസ്ഥാനിയുമാണ്. ഭീകരര്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുമ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. ഇവര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ് ഭീകരരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്. കല്ലേറ് ശക്തമായപ്പോള്‍ സൈന്യവും പോലീസും ഉള്‍പ്പെട്ട സംയുക്ത സേന കണ്ണീര്‍വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് അവരെ തുരത്തി. ഇതിനിടയിലാണ് പതിനാലോളം നാട്ടുകാര്‍ക്ക് പരിക്കേറ്റത്. കരസേനയുടെ 44 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യേക സംഘം, കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് പുലര്‍ച്ചെ തെരച്ചില്‍ തുടങ്ങിയത്. ഇതോടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. വെടിവയ്പ് ഏറെ നേരം നീണ്ടു. ഇതില്‍ രണ്ടു സൈനികര്‍ക്ക് പരിക്കുണ്ട്. 

ഏറ്റുമുട്ടല്‍ വിവരം പുറത്താകുകയും ഭീകരരില്‍ ഒരാള്‍ തന്റെ മകനാണെന്ന് വ്യക്തമാകുകയും ചെയ്‌തോടെയാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളുടെ അച്ഛന്‍ നെഞ്ചു പൊട്ടി മരിച്ചത്. അടുത്തിടെ ജെയ്ഷില്‍ ചേര്‍ന്ന സീനത്ത് എന്നയാളുടെ അച്ഛന്‍ മൊഹമ്മദ് ഇഷ്ഹാഖ് നായിക്കൂ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റംസാന്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ച ശേഷം ഏറ്റുമുട്ടലുകള്‍ കൂടിയിട്ടുണ്ട്. ജൂണ്‍ 20ന് ത്രാളില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. 22ന് നാലു ഭീകരരും പോലീസുകാരനും ഒരു നാട്ടുകാരനും അനന്തനാഗിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ഇതുവരെയായി 110 ഭീകരരും 62 നാട്ടുകാരും 48 സൈനികരും അടക്കം 220 പേരാണ് കശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.