ഇനി വില്ലേജ് ഓഫീസില്‍ ചെരിപ്പിട്ടു കയറാം

Tuesday 10 July 2018 3:19 pm IST

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ കയറാന്‍ ചെരുപ്പ് ഊരി വയ്ക്കേണ്ടതില്ലെന്ന ഉത്തരവുമായി റവന്യു വകുപ്പ്. സംസ്ഥാനത്തെ ചില വില്ലേജ് ഓഫീസുകളില്‍ പാദരക്ഷകള്‍ പുറത്തിടണമെന്ന ബോര്‍ഡ് ഓഫീസിനു മുന്നില്‍ വച്ചിരിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

ചെരുപ്പ് ധരിക്കാന്‍ അനുവദിക്കാത്ത കീഴ്വഴക്കം മേലാള-കീഴാള മനസ്ഥിതിയാണ് ഉളവാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. രണ്ട് മാസം മുന്‍പാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

പാദരക്ഷകള്‍ പുറത്തിടണം എന്ന ബോര്‍ഡ് പല വില്ലേജ് ഓഫീസുകളും എടുത്തുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ഓഫീസുകളിലും ഈ രീതി പിന്തുടരുന്നുമില്ല. എങ്കിലും ചിലയിടങ്ങളില്‍ ആളുകള്‍ പഴയശീലം തുടരുന്നുണ്ട്. ഇത് തെറ്റായ രീതിയാണെന്ന് ഉത്തരവില്‍ പറയുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ചെരുപ്പ് ഊരേണ്ടതിന്റെ ആവശ്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥര്‍ ചെരിപ്പിട്ട് കയറുന്നതും, ചെരുപ്പ് മോഷണം നടക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.