ശബരിമല നട ഇന്ന്‌ തുറക്കും; ഇനി ശരണംവിളികളുടെ നാളുകള്‍

Thursday 15 November 2012 11:47 am IST

ശബരിമല: മണ്ഡല-മകരവിളക്ക്മഹോത്സവത്തിനായി ശബരിമല നട ഇന്ന്‌ തുറക്കും. വൈകിട്ട്‌ 5.30ന്‌ തന്ത്രി കണ്ഠരര്‌ രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എന്‍.ബാലമുരളി നടതുറക്കുന്നതോടെ 41 നാള്‍ നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന്‌ തുടക്കമാകും. ഇന്ന്‌ പ്രത്യേക പൂജകള്‍ ഇല്ല. വൈകിട്ട്‌ 7 ന്‌ സന്നിധാനത്ത്‌ പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.ദാമോദരന്‍പോറ്റിയുടേയും മാളികപ്പുറം മേല്‍ശാന്തിയായി എ.എന്‍.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. സോപാനത്തിലിരുത്തിയ ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്ക്‌ തന്ത്രി കലശാഭിഷേകം നടത്തും. തുടര്‍ന്ന്‌ ശ്രീകോവിലിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിക്കും. ആദ്യം സന്നിധാനത്തും പിന്നീട്‌ മാളികപ്പുറത്തുമാണ്‌ ചടങ്ങ്‌ നടക്കുന്നത്‌. രാത്രി 10ന്‌ മുന്‍ മേല്‍ശാന്തി ബാലമുരളി ക്ഷേത്ര ശ്രീകോവില്‍ അടച്ച്‌ താക്കോല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക്‌ കൈമാറി മലയിറങ്ങും. വൃശ്ചികം 1 ന്‌ രാവിലെ 4 ന്‌ നിര്‍മ്മാല്യദര്‍ശനത്തിനായി മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റി നടതുറക്കും. തുടര്‍ന്ന്‌ തന്ത്രിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തോടെ തീര്‍ത്ഥാടനകാല പൂജകള്‍ക്ക്‌ തുടക്കമാകും. മണ്ഡലപൂജ നടക്കുന്ന ഡിസംബര്‍ 26 വരെ എല്ലാ ദിവസവും നെയ്യഭിഷേകം നടക്കും. പുലര്‍ച്ചെ 3 ന്‌ നടതുറന്ന്‌ 11.30 വരെയാണ്‌ നെയ്യഭിഷേകം. ഡിസംബര്‍ 26 ന്‌ തങ്കഅങ്കിചാര്‍ത്തി മണ്ഡപപൂജ കഴിഞ്ഞ്‌ നട അടയ്ക്കും. പിന്നീട്‌ മകരവിളക്ക്‌ ഉത്സവത്തിനായി 30ന്‌ നടതുറക്കും. ജനുവരി 14 നാണ്‌ മകരവിളക്ക്‌. ജനുവരി 20ന്‌ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി തിരുനട അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.