ജരാനരയകറ്റാന്‍ നെല്ലിക്കാ തൊക്ക്

Wednesday 11 July 2018 1:02 am IST

അഴകും ആരോഗ്യവും നല്‍കുന്ന നെല്ലിക്ക അമൃതിന് തുല്യമത്രേ. ആയുര്‍വേദ ഔഷധങ്ങളില്‍ മുന്‍നിരയിലുള്ള് നെല്ലിക്ക.  ദിവ്യൗഷധമെന്നാണ് ഇത് അറിയപ്പെടുന്നത്.  കാര്‍ത്തികമാസത്തിലെ  'അക്ഷയ നവമി' നാളില്‍ നെല്ലിമരം പൂജിക്കുന്ന പതിവുണ്ട്  ഹൈന്ദവര്‍ക്കിടയില്‍. ആന്ധ്രാപ്രദേശിലെ 'കാര്‍ത്തിക വന ഭോജനം'   നെല്ലിക്കമരത്തിനു കീഴെ മന്ത്രങ്ങളുരുവിട്ട്  ഭക്ഷണം പാകംചെയ്ത് സമൂഹസദ്യ നടത്തുന്ന  ആഘോഷപമാണ്.  ഉത്തരേന്ത്യയിലെ 'അമലക്കാ ഏകാദശി' യും നെല്ലിമരത്തെ പൂജിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ജരയും നരയും മാറാന്‍ നെല്ലിക്കയോളം ഉത്തമമായ ഔഷധമില്ല. വൈറ്റമിന്‍ സി ധാരാളമുള്ള നെല്ലിക്ക കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടും. എല്ലിന് ബലമേകും. മാനസികാരോഗ്യത്തിനും രക്തവര്‍ധനയ്ക്കും വിശപ്പില്ലായ്മയ്ക്കും  ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താനും നല്ലതാണ് നെല്ലിക്ക. പാചകത്തിലിത് പലവിധത്തില്‍ പരീക്ഷിക്കാം നെല്ലിക്ക ഉപ്പിലിട്ടു വച്ചാല്‍ പോലും ഊണിന് ധാരാളം.  ചവര്‍പ്പും മധുരവും ചേര്‍ന്ന് സ്വാദിഷ്ടമാണ്  നെല്ലിക്ക പുഴുങ്ങിയെടുത്തുണ്ടാക്കുന്ന 'നെല്ലിക്കാ  തൊക്ക് ' 

 നെല്ലിക്കാ തൊക്ക്

 ചേരുവകള്‍: 

1. പുഴുങ്ങിയെടുത്ത് കുരുകളഞ്ഞ നെല്ലിക്ക: രണ്ട് കപ്പ്

2. ചുവന്ന മുളക് : 10  എണ്ണം

3. കുരുമുളക് : ഒരു ടീസ്പൂണ്‍

4.  ശര്‍ക്കര പൊടിച്ചത് : നാല് ടീസ്പൂണ്‍

5. ജീരകം : മുക്കാല്‍ ടീസ്പൂണ്‍

6.  കായം: ഒരു നുള്ള്

7.  ഉപ്പ് : പാകത്തിന് 

 

തയ്യാറാക്കുന്നവിധം:

വെള്ളമില്ലാതെ ആവിയില്‍ വേണം നെല്ലിക്ക പുഴുങ്ങിയെടുക്കാന്‍. നെല്ലിക്കയ്ക്കൊപ്പം മറ്റു ചേരുവകള്‍കൂടി ചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് കറിവേപ്പില  ചേര്‍ത്ത ശേഷം അതിലേക്ക് അരച്ചുവച്ച നെല്ലിക്കക്കൂട്ടിട്ട് നന്നായിളക്കി വെള്ളം വറ്റിച്ച് ഉപയോഗിക്കാം. ചോറിനും ദോശയ്ക്കുമൊപ്പം കഴിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.