മറ്റൊരു അഭിപ്രായം പറയുന്നു

Wednesday 11 July 2018 1:09 am IST

അധ്യായം (18- 3-ാം ശ്ലോകം)

സംന്യാസം എന്ന പദത്തിന്റെയും ത്യാഗം എന്ന പദത്തിന്റെയും അര്‍ത്ഥം ഒന്നുതന്നെ. എങ്കിലും സര്‍വ്വകാമ്യകര്‍മങ്ങളെയും ത്യജിക്കുക എന്നും സര്‍വ്വകര്‍മ്മഫലങ്ങളെ മാത്രം ത്യജിക്കുമെന്നും ഉള്ള വ്യത്യസ്തഭാവം വിശദീകരിച്ചു.

ഈ ശ്ലോകത്തിന് മറ്റൊരര്‍ത്ഥം പറയുന്നു

ഏക മനീഷിണഃ പ്രാഹുഃ

ഒരു കൂട്ടം മനീഷികള്‍-പാംഖ്യാചാര്യന്മാരായ പണ്ഡിതന്മാര്‍ പറയുന്നു.

''ദോഷവത്കര്‍മ്മ ത്യാജ്യം''

പശ്വാലംഭം മുതലായ ദോഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏതുതരം കര്‍മവും സംസാരത്തില്‍ ബന്ധിപ്പിക്കുന്നവയായതുകൊണ്ട്, അനുഷ്ഠിക്കരുത്, ഉപേക്ഷിക്കണം. ''ന ഹിം സ്യാത് സര്‍വ്വാ ഭൂതാനി'' (=ഒരു ജന്തുക്കളെയും ഹിംസിക്കരുത്)അത് മോക്ഷപ്രാപ്തിക്ക് തടസ്സം തന്നയാണ്. ഹിംസകൊണ്ട് മനസ്സു അശുദ്ധമാകും; സ്വര്‍ഗാദി സുഖം നശിക്കുന്നതുമാണല്ലോ. 'അഗ്നിഷ്‌ടോമം മുതലായ യജ്ഞാനുഷ്ഠാനങ്ങള്‍കൊണ്ട് ലഭിക്കുന്ന സ്വര്‍ഗാദിലോകങ്ങള്‍, പലവിധത്തിലും, പലതരത്തിലും-ഉയര്‍ന്നതും താഴ്ന്നതുമായി, വര്‍ത്തിക്കുന്നതുകൊണ്ട് മറ്റൊരു വ്യക്തിയുടെ ഉന്നതസുഖം കാണുമ്പോള്‍ 'എനിക്ക് ആ സുഖം കിട്ടിയില്ലല്ലോ എന്ന ദുഃഖവും ഉണ്ടാകും.'

അപരേ (മീമാംസകാഃ) പ്രാഹുഃ (18-3)

മീമാംസകമതം-അനുസരിക്കുന്ന മറ്റു ചിലര്‍ പറയുന്നത് ഇങ്ങനെയൈണ്.

''യജ്ഞ-ദാന-തപഃ കര്‍മ്മ നത്യാജ്യം''- യജ്ഞം, ദാനം, തപസ്സ് മുതലായ വേദപ്രോക്ത കര്‍മ്മങ്ങള്‍ ത്യജിക്കരുത്; അനുഷ്ഠിക്കണം.

''ന ഹിം സ്യാത് ഭൂതജാതാനി''- മുതലായ നിയമങ്ങള്‍-''ഒരു ജന്തുവിനേയും ഹിംസിക്കരുത്''-എന്നത് യജ്ഞങ്ങളിലെ ഹിംസയൊഴിച്ച്, യജ്ഞാംഗമായ ഹിംസയൊഴിച്ച്, സാധാരണ ഹിംസയെയാണ് നിഷേധിക്കുന്നത് എന്ന് അവന്‍ പറയുന്നു.

വാസ്തവത്തില്‍ മേല്‍പറഞ്ഞ എല്ലാ ഭേദങ്ങളും കര്‍മാനുഷ്ഠാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കര്‍മികള്‍ക്കു മാത്രമാണ് ബാധകമാവുന്നത്. കര്‍മാനുഷ്ഠാനവും ത്യാഗവും കര്‍മഫലത്യാഗവും അവരെ ഉദ്ദേശിച്ചുമാത്രമാണ് വേദങ്ങളില്‍ പ്രതിപാദിക്കുന്നത്. എല്ലാ ലൗകിക ദിവ്യസുഖങ്ങളും ഉപേക്ഷിച്ച്, ഭഗവദ് തത്ത്വവിജ്ഞാനം നേടാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഇവ ഒന്നും ശ്രദ്ധിക്കേണ്ട കാര്യമേ ഇല്ല.

ഭഗവാന്‍ സ്വന്തം നിശ്ചയം പറയാന്‍ ആരംഭിക്കുന്നു

അധ്യായം 18-4-ാം ശ്ലോകം

തത്ര ത്യാഗേ- കാമ്യങ്ങളായ കര്‍മങ്ങളെ ഉപേക്ഷിക്കുക എന്നതാണ് സംന്യാസം എന്നും, സര്‍വ്വവിധ കര്‍മങ്ങളുടെയും ഫലം ത്യജിക്കുക എന്നതാണ് സംന്യാസമെന്നും ഹിംസ മുതലായ ദോഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍മങ്ങളെ ത്യജിക്കുക എന്നതാണ് സംന്യാസമെന്നും കാമ്യങ്ങളും നിഷിദ്ധങ്ങളുമായ കര്‍മങ്ങളെയെല്ലാം ത്യജിക്കുക എന്നതാണ് സംന്യാ

സമെന്നും- ഇങ്ങനെ 'ത്യാഗ' ശബ്ദത്തിന്റെ അര്‍ത്ഥമായ സംന്യാസത്തെ തങ്ങളുടെ മതം അനുസരിച്ച് പണ്ഡിതന്മാര്‍ പലവിധത്തിലും വര്‍ണിക്കുന്നു എന്നാണ് ഭഗവാന്‍ പറയുന്നത്. ഇനി സര്‍വ്വജ്ഞനും

സര്‍വേശ്വരനുമായ ശ്രീകൃഷ്ണ ഭഗവാന്‍ തന്റെ-മതം-ഉറച്ച തീരുമാനം-പറയുവാന്‍ ആരംഭിക്കുകയാണ്. ഞാന്‍ എന്റെ നിശ്ചയം പറയാം. കേള്‍ക്കൂ. (മേ നിശ്ചയം ശൃണു.)

''സര്‍വ്വകര്‍മ്മഫല ത്യാഗം തതഃ കുരു''

(=എല്ലാവിധ കര്‍മ്മങ്ങളുടെയും ഫലം ത്യജിക്കൂ)

(12-ല്‍ 11- ഗീതാ)

എന്ന ശ്ലോകത്തില്‍ നിത്യങ്ങളും (സന്ധ്യാവന്ദനാദികളും) നൈമിത്തികങ്ങളുമായ എല്ലാ കര്‍മങ്ങളുടെയും ഫലം മാത്രം ഉപേക്ഷിക്കുവാനാണ് ഞാന്‍ ഉപദേശിച്ചത്. അതുപോലെ ''മയി സര്‍വ്വാണി കര്‍മ്മാണി സംന്യസ്യ'' (ഗീ-3-30) (എന്നില്‍ എല്ലാ കര്‍മങ്ങളും സമര്‍പ്പിച്ച്) എന്ന ശ്ലോകത്തിലും കര്‍മഫലങ്ങള്‍ എന്നില്‍ സമര്‍പ്പിക്കുംവിധത്തില്‍ അനുഷ്ഠിക്കുവാനാണ് ഉപദേശിച്ചത്. ഈ പറഞ്ഞ ഫലത്യാഗം, താമസം, രാജസം, സാത്ത്വിക എന്ന് മൂന്നുവിധത്തില്‍ മുനികള്‍ വിവരിച്ചിട്ടുണ്ട്. ആദ്യം അതാണ് വിവരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.