ആത്മാവിന്റെ ഒരു കരണം മാത്രമാണ് മനസ്

Wednesday 11 July 2018 1:11 am IST

ഛാന്ദോഗ്യോപനിഷത്ത് 78

തേരില്‍ കുതിരകളെ കെട്ടും പോലെ ആത്മാവ് പ്രാണനെ ശരീരത്തില്‍ തളച്ചിരിക്കുകയാണ്. രാജാവ് നിയോഗിക്കുന്ന സേനാപതിയുടെ സ്ഥാനമാണ് പ്രാണന്. ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകള്‍ക്കപ്പുറത്ത് ഉത്തമമായ സ്വസ്വരൂപത്തില്‍ വിളങ്ങുന്നതിനാല്‍ ആത്മാവിനെ ഉത്തമപുരുഷന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

 അഥ യത്രൈതദാശമനുവിഷണ്ണം ചക്ഷുഃ സ ചാക്ഷുഷഃ പുരുഷോ...

കണ്ണിലെ  കൃഷ്ണമണിയാകുന്ന  ആകാശത്തിലിരിക്കുന്നതാണ്  ചാക്ഷുഷ പുരുഷനെന്ന ആത്മാവ്. കണ്ണ് കാഴ്ചയ്ക്കുള്ള  ഒരു കരണം മാത്രമാണ്.  ഞാന്‍ മണക്കട്ടെ എന്ന് അറിയുന്നതാരോ അത് ആത്മാവാണ്. മൂക്ക് ഗന്ധം അറിയാനുള്ള  കരണം മാത്രമാണ്. ഞാന്‍ ഇത് പറയട്ടെ എന്ന് അറിയുന്നതാരോ അത് ആത്മാവാണ്. വാഗിന്ദ്രിയം സംസാരിക്കുവാനുള്ള കരണം മാത്രമാണ്. ഞാന്‍ ഇത് കേള്‍ക്കട്ടെ എന്ന് അറിയുന്നതാരോ അത് ആത്മാവാണ്. ചെവി കേള്‍ക്കുന്നതിനുള്ള കരണം മാത്രമാണ്.

ദേഹ ഇന്ദ്രിയ സംഘാതത്തിന്റെ ഉടമയായ പുരുഷനായാണ് ആത്മാവിനെ പറയുന്നത്. ഇന്ദ്രിയങ്ങളെല്ലാം ആത്മാവിന്റെ ലൗകിക വ്യവഹാരത്തിനുള്ള ഉപകരണങ്ങളാണ്.ആരാണോ അറിയുന്നത് അതാണ് ആത്മാവ് എന്ന് എല്ലാറ്റിലും പറഞ്ഞതിനാല്‍ അറിവാണ് ആത്മാവിന്റെ സ്വരൂപം. ആത്മാവിന് വിഷയങ്ങളുമായി ബന്ധമുണ്ടാകുന്നത് ഇന്ദ്രിയങ്ങള്‍ വഴിയാണ്. ഇവ ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ്.

 അഥ യോ വേദേദം മന്വാ നീതി സ ആത്മാ...

ഞാന്‍ മനനം ചെയ്യട്ടെ എന്ന് അറിയുന്നതാരോ അതാണ് ആത്മാവ്. മനസ്സ് ഈ ആത്മാവിന്റെ ദൈവമായ ചക്ഷുസ്സാണ്.അങ്ങനെയുള്ള  മുക്ത പുരുഷന്‍ ദൈവക്കണ്ണായ മനസ്സുകൊണ്ട് ബ്രഹ്മലോകത്തെ കാമ ങ്ങളെയെല്ലാം കണ്ടു കൊണ്ട് രമിക്കുന്നു.

ആത്മാവിന്റെ ഒരു കരണം  മാത്രമാണ് മനസ്സ്.ഇന്ദ്രിയങ്ങളില്‍ നിന്ന് ഇത് വേറിട്ട് നില്‍ക്കുന്നു. ഇന്ദ്രിയങ്ങളേക്കാള്‍ കേമം എന്നതുകൊണ്ടാണ് ദൈവ ചക്ഷുസ്സ് എന്ന് പറഞ്ഞത്. ഇന്ദ്രിയങ്ങള്‍ക്ക്  വര്‍ത്തമാനകാലത്തെ വിഷയങ്ങളെ മാത്രമേ അറിയാനാകൂ. മനസ്സിന് മൂന്ന് കാലത്തിലേയും വിഷയങ്ങളെ ഗ്രഹിക്കാനാകും.മനസ്സ് ഏകാഗ്രമായാല്‍ ആത്മസാക്ഷാത്കാരത്തിന് സഹായിക്കും. അത്തരമൊരു മനസ്സിനാല്‍ ജ്ഞാനി ബ്രഹ്മലോകത്തെ കാമങ്ങളില്‍ കൂടി രമിക്കുന്നു.

 മുക്ത പുരുഷന്‍ തന്റെ പ്രസന്ന മനസ്സിനാല്‍ അനുഭവിക്കുന്നത് ഈശ്വരന്റെ ലീലാനുഭവമാണ്. അങ്ങനെയുള്ള ജ്ഞാനിക്ക് കര്‍തൃത്വ ഭോക്തൃത്വ ഭാവങ്ങളൊന്നുമില്ല. ലൗകികമായി നമുക്ക് മനസ്സിലാക്കാന്‍ പറഞ്ഞതാണ്.

തം വാ ഏതം ദേവാ 

ആത്മാനുപാസതേ...

 യസ്തമാത്മാനമനുവിദ്യ വിജാനാതീതി ഹ പ്രജാപതിരുവാച പ്രജാപതിരുവാച

അങ്ങനെയുള്ള ഈ ആത്മാവിനെ ദേവന്മാര്‍ ഉപാസിക്കുന്നു. അതിനാല്‍ അവര്‍ക്ക് എല്ലാ ലോകങ്ങളും എല്ലാ കാമങ്ങളും ലഭിക്കുന്നു. ആരാണോ ആ ആത്മാവിനെ ശാസ്ത്ര ആചാര്യ ഉപദേശങ്ങളില്‍ നിന്ന് അറിഞ്ഞ് സ്വയം സാക്ഷാത്കരിക്കുന്നത് അയാള്‍ എല്ലാ ലോകങ്ങളേയും എല്ലാ കാമങ്ങളേയും പ്രാപിക്കുന്നുവെന്ന് പ്രജാപതി പറഞ്ഞു. ഇന്ദ്രന്‍ പ്രജാപതിയില്‍ നിന്ന് ശരിയായ ആത്മതത്വം അറിഞ്ഞ് ദേവന്മാര്‍ക്ക് ഉപദേശിച്ചു. അതിനാല്‍ അവര്‍ ശരീരം, മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ തുടങ്ങിയവയിലുള്ള ആത്മബുദ്ധിയെ വെടിഞ്ഞു. അവര്‍ പരമാത്മാവിനെ ,ഉപാസിച്ചു. ഇന്ദ്രന്‍ 101 വര്‍ഷം ബ്രഹ്മചര്യവ്രതത്തോടെ കഴിഞ്ഞ് ആത്മതത്വം പഠിച്ചതിന്റെ ഫലം ദേവന്മാര്‍ക്കും കിട്ടി. അല്‍പായുസ്സുകളും അല്‍പബുദ്ധികളുമായ മനുഷ്യര്‍ക്ക് ദേവന്മാരെപ്പോലെ ഇതിന് കഴിയുമോ എന്ന് സംശയമുണ്ടാകാം. ഇന്നും ആരെങ്കിലും ആത്മാവിനെ അറിഞ്ഞ് സ്വയം സാക്ഷാത്കരിച്ചാല്‍ അവര്‍ക്കും ആ ഫലം ലഭിക്കും എന്ന് പറഞ്ഞത് സംശയം നീക്കാന്‍ വേണ്ടിയാണ്. ആത്മജ്ഞാനവും അതിന്റെ ഫലപ്രാപ്തിയും എല്ലാവര്‍ക്കും തുല്യമാണ്.

 പ്രജാപതിരുവാച എന്ന് രണ്ട് തവണ പറഞ്ഞത് പ്രകരണം തീര്‍ന്നു എന്ന് കാണിക്കാനാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.