രാമകഥയ്‌ക്കൊപ്പമുള്ള യാത്രകള്‍

Wednesday 11 July 2018 1:12 am IST

മലയാളത്തിന്റെ സായന്തനങ്ങള്‍ രാമായണശീലുകളാല്‍ നിറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പഞ്ഞമാസമെന്നൊരു പേരുദോഷമുണ്ട് കര്‍ക്കിടകത്തിന്. എന്നാല്‍ രാമകഥാ മന്ത്രങ്ങള്‍ ആ മാസത്തെ മഹത്തരമാക്കി മാറ്റുന്നു. നിറഞ്ഞു പെയ്യുന്ന കര്‍ക്കിടക മഴയ്‌ക്കൊപ്പം രാമകഥയും പെയ്തിറങ്ങും. ലോകത്തെവിടെയും രാമകഥ ശ്രവിക്കാന്‍ പറന്നെത്തുന്ന മാരുതിയുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതവുമാണ് വരാനിരിക്കുന്ന ദിവസങ്ങള്‍.

ഇതിലുള്ളത് പലയിടത്തും കണ്ടേക്കാം എന്നാല്‍ ഇതില്‍ ഇല്ലാത്തത് ലോകത്തൊരിടത്തും കാണാനാവില്ല എന്നാണ് മഹാഭാരതത്തെക്കുറിച്ചുള്ള വിഖ്യാത വിശേഷണം. മുഖ്യ കഥയും ഉപകഥകളുമായി വികസിക്കുന്ന ബ്രഹത്തായ ഇതിഹാസമാണ് രാമായണം. എന്നാല്‍ ശ്രീരാമന്‍ എന്ന അവതാര പുരുഷന്റെ ജീവിതമാണ് എപ്പോഴും രാമായണത്തിന്റെ കേന്ദ്രം. ഒരു അണ്ണാനില്‍ത്തുടങ്ങി ജാംബവാനും ജടായവും വരെ രാമന്റെ അയനത്തിലെ കണ്ണികള്‍. സമുദ്രത്തിലേക്ക് വലിച്ചെറിയുന്ന കല്ലും രാമയാത്രയുടെ നിയോ

ഗം വഹിക്കുന്നു. രാമന്റെ പാദസ്പര്‍ശത്തിന് കാലങ്ങളോളം കാത്തുകിടക്കുന്ന കല്ലിനുമുണ്ട് ശാപമോഷത്തിന്റെ ദിവ്യമായ കഥ.

രാജ്യം, കുടുംബം, ബന്ധങ്ങള്‍, യുദ്ധം അങ്ങിനെ രാമന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിനും പവിത്രതയുണ്ട്. വാല്‍മീകിയില്‍ നിന്ന് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനിലേക്ക് എത്തുമ്പോള്‍ രാമയാത്രയുടെ ഗതിവിഗതികളില്‍ മാറ്റമുണ്ട്. എഴുത്തച്ഛന്‍ രാമനെ നയിക്കുന്നത് ഭക്തിയുടെ സവിശേഷപഥങ്ങളിലൂടെയാണ്. ഓരോ വാക്കും വിശേഷണവും രാമഭക്തിയിലേക്കുള്ള പദയാത്രകളാണ്. രാവണന്റെ നിന്ദാവാക്യങ്ങളില്‍ സ്തുതിയുടെ മഹത്വം ഒളിപ്പിച്ചു വച്ചു എഴുത്തച്ഛന്‍. സീതയെ അന്വേഷിച്ചു വിലപിക്കുന്ന രാമന്റെ വാക്കുകളില്‍ എല്ലാമറിയുന്ന ജ്ഞാനമൂര്‍ത്തിയുടെ സാന്നിധ്യമുണ്ട്. രാമനെ ആരാധിക്കാനും സ്തുതിക്കാനുമുള്ള ഏറ്റവും ചെറി

യ നിമിഷം പോലും വലിയ അവസരങ്ങളായി വിനിയോഗിക്കുന്നു എഴുത്തച്ഛന്‍. ഭക്തിയുടെ മാര്‍ഗത്തിലേക്ക് ഒരു ജനതയെ നയിക്കാനു

ള്ള വഴി എന്നൊക്കെയുള്ള പതിവു ഭക്തിപ്രസ്ഥാന നിര്‍വചനങ്ങള്‍ക്കപ്പുറം മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട് രാമായണം. പാ

  രായണം ചെയ്ത് അവസാനിപ്പിക്കാന്‍ കഴിയാത്ത അര്‍ഥതലങ്ങള്‍ ഓരോ കാണ്ഡത്തിലും അവശേഷിപ്പിക്കുന്നുണ്ട് രാമായണം.

എത്ര ആഴത്തില്‍ പഠിച്ചാലും പിന്നെയും അനന്തമായ വ്യാഖാന സാധ്യതകള്‍ ബാക്കി വെയ്ക്കുന്ന എത്രയെത്ര ബന്ധങ്ങളാണ് രാമായണത്തിലുള്ളത്? സാഹോദര്യത്തെക്കുറിച്ചു തന്നെ ചിന്തിക്കൂ. മൂന്നു രാജ്യങ്ങളിലെ സഹോദരങ്ങള്‍. അയോധ്യയില്‍ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍. ലങ്കയില്‍ രാവണന്‍, വിഭീഷണന്‍, കുംഭകര്‍ണന്‍. കിഷ്‌കിന്ധയില്‍ ബാലിയും സുഗ്രീവനും. ഈ മൂന്നു രാജ്യങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചു മാത്രം എത്രയോ വിശദമായി പഠിക്കാനുണ്ട്. 

രാമനും സീതയ്ക്കുമിടയില്‍ മാത്രമല്ല, ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ സങ്കീര്‍ണമായ തലങ്ങള്‍. ദശരഥനും കൈകേയിക്കുമിടയിലുണ്ട്, ലക്ഷ്മണനും ഊര്‍മിളയ്ക്കുമിടയിലുണ്ട്, രാവണനും

 മണ്‌ഡോദരിക്കുമിടയിലുണ്ട്, ബാലിക്കും താരയ്ക്കുമിടയിലുണ്ട്. സീതാ ലക്ഷ്മണ ബന്ധത്തെക്കുറിച്ച് അത്രമേലൊന്നും പഠിച്ചിട്ടില്ലെന്നു പറയാം. രാമന്റേയും സീതയുടേയും നിഴലായി കാട്ടിലേക്കു പോകുമ്പോള്‍ ലക്ഷ്മണനോട് അമ്മ സുമിത്ര പറയുന്നു, രാമനെ അച്ഛനായും സീതയെ അമ്മയായും കാണണം. എന്നാല്‍ മാരീചന്റെ മായയില്‍പ്പെട്ട സീത പറഞ്ഞതോ? കാലങ്ങള്‍ക്കു ശേഷം മറ്റൊരു മഹാകവി, മനമോടാത്ത കുമാര്‍ഗമില്ലെടോ... എന്നൊരു പ്രായശ്ചിത്തം സീതയെക്കൊണ്ടു പറയിക്കുന്നുണ്ട്.

രാമനെ ഉദരത്തില്‍ പേറിയത് കൗസല്യയാണ്, രാമനെ കാട്ടിലയച്ചത്ത് കൈകേയിയാണ്. എന്നാല്‍ രാമായണത്തിലെ ഏറ്റവും തിളക്കമാര്‍ത്ത മാതൃമുഖം സുമിത്രയുടേയതാണെന്ന് പലപ്പോഴും തോന്നിപ്പോകും. ഇങ്ങനെ രാമായണത്തിലെ മണ്ണും പുല്ലും മനുഷ്യരും ഉദാത്തമായ ഒരു യാത്രയില്‍ പങ്കാളികളാണ്. രാമന്റെ അയനം രാമായണം എന്നാണ് പതിവ് അര്‍ഥ സങ്കല്‍പ്പം. എന്നാല്‍ അത് സീതയുടേയും യാത്രയാണ്... ഓരോ കഥാപാത്രത്തിന്റേയും യാത്രയാണ്... പാരായണാനന്തരം രാമകഥക്കൊപ്പമുള്ള ഓരോരുത്തരുടേയും യാത്രയായി മാറുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.