ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ പദ്ധതി കേരളത്തില്‍ പരിസ്ഥിതി സൗഹൃദമല്ല

Tuesday 10 July 2018 10:56 pm IST

 

കണ്ണൂര്‍: കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന അപകട സാധ്യതകളെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ പദ്ധതി കേരളത്തില്‍ പൂര്‍ണ്ണമായും അട്ടിമറിച്ചു. 

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ പദ്ധതി കേരളത്തില്‍ മീനും നെല്ലും പദ്ധതിയെന്ന പേരിലാണ് നടപ്പിലാക്കിയത്. ജൈവവ്യവസ്ഥ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ചെമ്മീന്‍കൃഷിയും അതോടൊപ്പം നെല്‍ക്കൃഷിയും ചെയ്യുന്ന പദ്ധതിയാണിത്. 2015 മുതല്‍ 2019 വരെ അഞ്ച് വര്‍ഷത്തേക്കാണ് പദ്ധതി. 

നബാര്‍ഡ് വഴി കണ്ണൂര്‍ ജില്ലയിലെ ഏഴോം, പട്ടുവം, ചേലോറ, ചെറുകുന്ന്, പിണറായി എന്നീ പഞ്ചായത്തുകളിലെ 13 യൂനിറ്റുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. അഞ്ച് ഏക്കര്‍ സ്ഥലമെങ്കിലുമുള്ള യൂണിറ്റിനാണ് ഫണ്ട് അനുവദിക്കുക. ഫണ്ട് ലഭിക്കുന്നവര്‍ക്ക് നെല്‍ക്കൃഷിയും അതോടൊപ്പം തന്നെ ചെമ്മീന്‍ കൃഷിയും നടത്താന്‍ സാധിക്കും. കടലിനോട് ചേര്‍ന്ന സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. സാധാരണയായി ഇത്തരം സ്ഥലങ്ങളില്‍ കുതിര് കൃഷിയാണ് ചെയ്ത് വരുന്നത്. പരിസ്ഥിതിക്ക് അല്‍പ്പം പോലും കോട്ടം തട്ടാതെ കണ്ടല്‍ക്കാടുകളെ സംരക്ഷിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കേണ്ടത്. ചെമ്മീന്‍ കണ്ടിയില്‍ പ്രത്യേകിച്ച് വിത്തിറക്കാതെയും കൃത്രിമമായി ഭക്ഷണം നല്‍കാതെയും കീടനാശിനികളുപയോഗിക്കാതെയുമാണ് പദ്ധതി നടപ്പിലാക്കേണ്ടത്. കണ്ടല്‍ക്കാടുകളുടെ ഇലയുള്‍പ്പടെയുള്ള ഭാഗങ്ങള്‍ ഭക്ഷണമാക്കിത്തന്നെ ചെമ്മീനുകള്‍ വളരും. എന്നാല്‍ പദ്ധതിയുടെ ലക്ഷ്യം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. പരമ്പരാഗതവും പരിസ്ഥിതി സൗഹൃദവുമായ മീനും നെല്ലും പദ്ധതി നടപ്പിലാക്കുമ്പോള്‍ കണ്ടല്‍ക്കാടുകള്‍ അല്‍പ്പം പോലും നശിപ്പിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ പല സ്ഥലങ്ങളിലും കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയാണ് ചെമ്മീന്‍ കൃഷി നടപ്പിലാക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.