മാലിന്യ മുക്ത കണ്ണൂര്‍ കാംപയിന്‍ രണ്ടാം ഘട്ടത്തിലേക്ക്; നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം പ്ലാസ്റ്റിക്ക് സഞ്ചിയുമായി പോകുന്നത് നാണക്കേടായി കാണുന്ന സ്ഥിതിയുണ്ടായി: കലക്ടര്‍

Tuesday 10 July 2018 10:57 pm IST

 

കണ്ണൂര്‍: മാലിന്യ മുക്ത കണ്ണൂര്‍ കാംപയിനില്‍ നിന്ന് പിറകോട്ടേക്കുള്ള തിരിച്ചുപോക്ക് അനുവദിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്. പ്ലാസ്റ്റിക് സഞ്ചിയുള്‍പ്പെടെ അപകടകരമായ മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കുന്നതില്‍ രണ്ടുവര്‍ഷം കൊണ്ട് ജില്ല കൈവരിച്ച മുഴുവന്‍ നേട്ടങ്ങളെയും ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത കണ്ണൂര്‍ കാംപയിന്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മാസ്‌കോട്ട് ഹോട്ടലില്‍ നടത്തിയ വിവിധ അസോസിയേഷനുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്ലാസ്റ്റിക് സഞ്ചികള്‍, ഡിസ്‌പോസബ്ള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പിവിസി ഫഌക്‌സുകള്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ രണ്ടുവര്‍ഷം നീണ്ട കാംപയിനിലൂടെ നമുക്ക് സാധിച്ചു. കണ്ണൂര്‍ കോര്‍പറേഷനും ചില ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ചില പട്ടണങ്ങളില്‍ വേണ്ടത്ര നടപ്പിലാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ യുക്തിയില്‍ മാത്രം കാര്യങ്ങള്‍ കാണുന്ന ചിലര്‍ പദ്ധതിയെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പൊതജനങ്ങളില്‍ നിന്ന് ലഭിച്ച വലിയ പിന്തുണ പ്രോല്‍സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല, സമൂഹത്തിന്റെയും നാടിന്റെയും മൊത്തത്തിനുള്ള നന്‍മയ്ക്കു വേണ്ടിയാണിതെന്ന ബോധമാണ് ഇക്കാര്യത്തില്‍ എല്ലാവര്‍ക്കുമുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

പ്ലാസ്റ്റിക് സഞ്ചിയുമായി പോകുന്നതും ഡിസ്‌പോസബ്ള്‍ കപ്പുകളില്‍ ചായകുടിക്കുന്നതും നാണക്കേടായി തോന്നുന്ന ഒരു അവസ്ഥ സമൂഹത്തിലുണ്ടാക്കാന്‍ സാധിച്ചുവെന്നതു തന്നെ കാംപയിനിന്റെ ഏറ്റവും വലിയ വിജയമാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയില്‍ സ്റ്റീല്‍ ഗ്ലാസ്സുകളും പ്ലേറ്റുകളും ഉപയോഗിക്കുന്നതും ജില്ലയിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളും ബേക്കറികളുമുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചി വിതരണം ചെയ്യുന്നതും ചെറിയ കാര്യമല്ല. മാലിന്യനിര്‍മാര്‍ജനത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തില്‍ ജില്ലയ്ക്ക് മാതൃകാപരമായ പുരോഗതി കൈവരിക്കാനായതായും ജില്ലാ കലക്ടര്‍ പറഞ്ഞു. 

നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല, സമവായത്തിലൂടെയാണ് ജില്ലയില്‍ കാംപയിന്‍ മുന്നോട്ടുപോയത്. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് വരെ കാത്തുനില്‍ക്കാതെ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്ന് ഇത്തരം മാലിന്യങ്ങളെ ഇല്ലാതാക്കുകയെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് സഞ്ചിയും ഡിസ്‌പോസബ്ള്‍സും നിരോധിച്ചുകൂടെ എന്ന വാദത്തില്‍ അര്‍ഥമില്ല. ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ് നിരോധിക്കപ്പെടുന്നതു വരെ പുകവലി തുടരുമെന്ന് ആരും പറയാറില്ലല്ലോ എന്നും കലക്ടര്‍ ചോദിച്ചു. എന്തുകൊണ്ട് കണ്ണൂര്‍ എന്നുചോദിക്കുന്നതവരോട് എന്തു കൊണ്ട് കണ്ണൂരില്‍ ആയിക്കൂടാ എന്നാണ് കലക്ടറുടെ മറുചോദ്യം. രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയ ഇത്തരമൊരു മികച്ച പദ്ധതി ആദ്യമായി നടപ്പിലാക്കാനുള്ള അവസരം കണ്ണൂര്‍ ജില്ല നഷ്ടപ്പെടുത്തണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 

അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുണ്ടാവുന്ന പുരോഗതി ജില്ലയില്‍ മാലിന്യ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ മാതൃക സൃഷ്ടിക്കാനും പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കാനും സാധിച്ചാല്‍ മാത്രമേ ഈ ഭീഷണി അതിജീവിക്കാന്‍ ജില്ലയ്ക്ക് സാധിക്കൂ എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

കാംപയിനിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായെല്ലാം കൂടുതല്‍ ചര്‍ച്ചകളും ആലോചനകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സര്‍വീസുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനുകൂല നടപടികളുണ്ടാവുന്നില്ലെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ചിലയിടങ്ങളില്‍ ആരാധനാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വലിയതോതില്‍ ഡിസ്‌പോസബ്ള്‍ സാധനങ്ങള്‍ ഉപയോഗിക്കുന്നതായും ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തി. 

മസ്‌കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍, കാറ്ററിംഗ് അസോസിയേഷന്‍, കുക്കിംഗ് അസോസിയേഷന്‍, ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശുചിത്വമിഷനില്‍ നിന്ന് സ്ഥലംമാറിപ്പോവുന്ന അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരിയെ ജില്ലാ കലക്ടര്‍ പൊന്നാടയണിയിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.