ആറളം ഫാം: നിയമനങ്ങളില്‍ ആദിവാസികള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

Tuesday 10 July 2018 10:57 pm IST

 

ആറളം: ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ഉദ്യോഗസ്ഥ-തൊഴിലാളി നിയമനങ്ങളില്‍ ആദിവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിന് ആദിവാസികള്‍ താമസിക്കുന്ന പുനരധിവാസ മേഖലയില്‍ വിവിധ വകുപ്പുകളില്‍ ആദിവാസികളല്ലാത്തവരാണ് ഏറെയും ജോലി ചെയ്യുന്നത്. അങ്കണവാടികള്‍, സ്‌കൂള്‍, ആശുപത്രി, തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ആറളം ഫാമും സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് നുറുകണക്കിന് തസ്തികകളില്‍ ആദിവാസികളെ നിയമിക്കാന്‍ കഴിയുമെങ്കിലും ആദിവാസികളല്ലാത്തവരാണ് ഇവിടെ ജോലി ചെയ്യുന്ന ഏറെപ്പേരും. ആദിവാസികള്‍ക്കിടയില്‍ തന്നെ എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദാനന്തര ബിരുദം നേടിയ നിരവധി യുവതീയുവാക്കള്‍ ഉണ്ടെന്നിരിക്കെ പുറത്തുനിന്നുള്ളവരെ നിയമിച്ച് ആദിവാസികളുടെ ആവസരം നിഷേധിക്കുന്നതായാണ് ഇവരുടെ പരാതി. 

ആറളം ഫാം പുനരധിവാസം ആരംഭിച്ചിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു. ഈ മേഖലയില്‍ ഒമ്പത് അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ എല്ലാം തന്നെ ഫാമിന് പുറത്തുള്ളവരാണ്. പുതുതായി അഞ്ച് അങ്കണവാടികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇവിടെയും പുറത്തുനിന്നുള്ളവരെ നിയമിക്കാനാണ് നീക്കം. ആദിവാസികളുടെ ഭാഷയില്‍ കുട്ടികളെ പഠിപ്പിച്ച് വിദ്യാഭ്യാസത്തോട് താല്‍പര്യം കാണിക്കുന്നതിന് പ്രാവീണ്യമുള്ളവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ആറളം ഫാമിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇവിടെ സ്ഥിരാടിസ്ഥാനത്തിലും താല്‍ക്കാലികാടിസ്ഥാനത്തിലും ജോലിചെയ്യുന്നതില്‍ ഏറെയും പുറത്തുനിന്നുള്ളവരാണ്. ഫാമില്‍ കിടത്തിച്ചികിത്സയോടുകൂടി ആരംഭിച്ച ആശുപത്രികളിലെ സ്വീപ്പര്‍, പ്യൂണ്‍, അറ്റെന്റര്‍ തുടങ്ങി ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ ഫാമിലുള്ളവരെ തന്നെ നിയമിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇവിടെയൊന്നും സര്‍ക്കാര്‍ തദ്ദേശിയരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. 

ഫാമിലെ നിയമനങ്ങളില്‍ പൂര്‍ണ്ണമായും പുനരധിവാസ മേഖലയിലെ യുവതീ യുവാക്കളെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന് ആദിവാസി ഗോത്ര സഭ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.