കന്യാസ്ത്രീയെ അനുകൂലിച്ചാല്‍ നടപടി; ഭീഷണിയുമായി മദര്‍ സുപ്പീരിയര്‍

Wednesday 11 July 2018 1:15 am IST

കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  തെളിവുകള്‍ പുറത്ത് വന്നതോടെ കന്യാസ്ത്രീയെ അനുകൂലിക്കുന്ന മറ്റ് കന്യാസ്ത്രീകള്‍ക്കുനേരെ ഭീഷണിയുമായി സഭ.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അനുകൂലിച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് കാണിച്ച് മദര്‍ സുപ്പീരിയര്‍ കുറവിലങ്ങാട് നാടികുന്ന് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകള്‍ക്ക് ഭീഷണിക്കത്ത് അയച്ചു. ചികിത്സയ്‌ക്കോ മറ്റ് ചെലവുകള്‍ക്കോ പണം നല്‍കില്ലെന്നും അനുകൂലിച്ചാല്‍ ശിരോവസ്ത്രം അടക്കം അഴിച്ചുവയ്പ്പിച്ച് പുറത്താക്കുമെന്നും കത്തില്‍ പറയുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമത നീക്കം ശക്തമാണെന്നും ഇതിനാല്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്മാറിയിെല്ലങ്കില്‍ ശക്തമായ സഭാനടപടി നേരിടേണ്ടി വരുമെന്നുമാണ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന അയച്ച കത്തില്‍ പറയുന്നത്. 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് കോട്ടയം എസ്പിക്ക് നല്‍കിയ പരാതി നുണയാണെന്നാണ് പോലീസിന്റെ  നിഗമനം. ഇതോടൊപ്പം ഇവര്‍ മറ്റൊരു സ്ത്രീയുടെ പേരില്‍ നല്‍കിയ കത്തും വ്യാജമാണെന്നാണ് വിലയിരുത്തല്‍. കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയിലും സെക്ഷന്‍ 164 പ്രകാരം ചങ്ങനാശ്ശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ഉറച്ചുനിന്നതോടെ കന്യാസ്ത്രീയെ സഭയില്‍ നിന്ന് ഒറ്റപ്പെടുത്തി പുറത്ത് ചാടിക്കാന്‍ ശ്രമം നടത്തിയിരുന്നു. 

ഇതോടൊപ്പം കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളും തങ്ങള്‍ക്ക് പീഡന വിവരം നേരത്തെ അറിയാമെന്ന്  അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയതോടെയാണ് മദര്‍ സുപ്പീരിയറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അനുകൂലിക്കുന്ന മറ്റ് കന്യാസ്ത്രീകളെ മൊഴിമാറ്റി പറയിപ്പിക്കാനും ശ്രമം ആരംഭിച്ചതായാണ് വിവരം.  

പോലീസ് സംഘം അഞ്ചാമത് തവണയും കോണ്‍വെന്റിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കോണ്‍വെന്റിലെ തന്നെ മറ്റൊരു കന്യാസ്ത്രീയുടെ കുടുംബം ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്തുവന്നു. കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ തന്റെ മകള്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വന്നതായി മുഹമ്മ സ്വദേശിനിയായ കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.