പോപ്പുലര്‍ പ്രണ്ടിന് സഹായവുമായി സര്‍ക്കാര്‍

Wednesday 11 July 2018 1:16 am IST
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹര്‍ജി സര്‍ക്കാരിന്റെ എതിര്‍പ്പ് പരിഗണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കാന്‍ തയാറെടുക്കുകയാണ് ബന്ധുക്കള്‍. യുഡിഎഫ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സമ്മതിച്ചിരുന്നു.

ആലപ്പുഴ: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലം വിശാല്‍കുമാറി (19) നെ കുത്തിക്കൊന്ന കേസില്‍ എന്‍ഡിഎഫുകാര്‍ക്ക് ഇടതുസര്‍ക്കാര്‍ സംരക്ഷണം. കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന  വിശാലിന്റെ അച്ഛന്‍ വേണുഗോപാലിന്റെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഇതോടെ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള അവിശുദ്ധ ബന്ധം മറനീക്കീ. 

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹര്‍ജി സര്‍ക്കാരിന്റെ എതിര്‍പ്പ് പരിഗണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കാന്‍ തയാറെടുക്കുകയാണ് ബന്ധുക്കള്‍.  യുഡിഎഫ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സമ്മതിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ക്രൈംബ്രാഞ്ച് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്- ഒന്ന് കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചത്. നേരിട്ട് പങ്കെടുത്ത പ്രതികള്‍, ഇവരെ സംരക്ഷിച്ചവര്‍ ഉള്‍പ്പെടെ ഇരുപത് പ്രതികളാണുള്ളത്. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ്  കുറ്റപത്രം സമര്‍പ്പിച്ചത്.

പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് സ്വദേശി അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടയ്ക്കാട് പത്മാലയത്തില്‍ ഷെഫീക്ക് (22), പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ് മുഹമ്മദ് (19), പുന്തല മണ്ണിലയ്യത്ത് ഷെമീര്‍ റാവുത്തര്‍ എം.എസ് (25), ഷെമീര്‍ റാവുത്തര്‍ (20), ചെറുവല്ലൂര്‍ മന്നാത്തുവീട്ടില്‍ അഫ്സല്‍ (19), കൊല്ലകടവ് ആഞ്ഞിലിച്ചുവട് വരിക്കോലില്‍ തെക്കേതില്‍ താജെന്നുവിളിക്കുന്ന അല്‍ത്താജ് (20), പത്തനാപുരം നെടുംകുന്നം ഷംനാ മന്‍സിലില്‍ ഷിബിന്‍ ഹബീബ് (23) എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

2012ന് ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍കോളേജ് കവാടത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് എബിവിപി സ്വീകരണം നല്‍കവെയായിരുന്നു അക്രമം. സംഘടിച്ചെത്തിയ എന്‍ഡിഎഫ് സംഘം യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കോളേജിനു മുമ്പില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വിശാലിനെ കുത്തിയ സംഘം കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി വെണ്മണി ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണുപ്രസാദ്(19), മുണ്ടന്‍കാവില്‍ ഭസ്മക്കാട്ടില്‍ എം.എസ്. ശ്രീജിത്ത്(20) എന്നിവരെ വെട്ടിയിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരിച്ചു.

തീവ്രവാദ അക്രമമല്ലെന്ന് സര്‍ക്കാര്‍ വാദം

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തെ സര്‍ക്കാര്‍ എതിര്‍ത്തത് വിചിത്രവാദങ്ങള്‍ നിരത്തി. സമൂഹത്തെ ബാധിക്കുന്ന  കൊലപാതകങ്ങള്‍, തീവ്രവാദ അക്രമം, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കുന്ന കേസുകള്‍ എന്നിവയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്നാണ് ചട്ടം. വിശാല്‍ വധക്കേസ് ഈ മൂന്നു മാനദണ്ഡങ്ങളിലും പെടും. മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ രൂപമാണ് അക്രമം നടത്തിയത്.

 കൂടാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. വിശാലിന്റെ അച്ഛന്റെ ഹര്‍ജി എതിര്‍ക്കാന്‍ സര്‍ക്കാര്‍ വാദിച്ചത് കൊലപാതകം തീവ്രവാദ അക്രമമല്ലെന്നും സമൂഹത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നുമാണ്. എന്‍ഡിഎഫ് തീവ്രവാദ പ്രസ്ഥാനമല്ലെന്ന് കോടതിയില്‍പോലും സര്‍ക്കാര്‍ ഈ നിലപാടിലൂടെ അംഗീകരിക്കുകയായിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.