ഇനി പാട്ടുംപാടി വയല്‍ നികത്താം

Wednesday 11 July 2018 1:19 am IST
ഈ നിയമ ഭേദഗതി കേരളത്തെ മരുഭൂമിയാക്കും. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കും എന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഭേദഗതിയിലൂടെ ഇല്ലാതാക്കിയത്. ഒരേ സമയം കൃഷി വ്യാപിപ്പിക്കലും നികത്താന്‍ അവസരം നല്‍കലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കാത്തതാണ്.

കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ, റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് തഴച്ചു വളരാന്‍ കേരള സര്‍ക്കാര്‍ അവസരം തുറന്നു കൊടുത്തിയിരിക്കുന്നു. 2008ലെ നിയമത്തിനു 2018ല്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി ഫലത്തില്‍ നികത്താനുള്ള അനുമതിയാണ്. 

സംസ്ഥാന നെല്‍വയല്‍-തണ്ണീര്‍ത്തട സമിതി നോക്കി അനുവാദം നല്‍കേണ്ട പാടം നികത്തല്‍ ഇനി മുതല്‍ വില്ലേജ് തലത്തിലെ സമിതിക്കു തീരുമാനിക്കാം. പൊതു ആവശ്യം എന്ന പേരിട്ടാല്‍ കാര്യം എളുപ്പം. സ്വകാര്യ റിസോര്‍ട്ടിന് വേണ്ടിയും വില്ലകള്‍ക്ക് വേണ്ടിയും ഇനി പാട്ടും പാടി വയല്‍ നികത്താം.  

2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നെങ്കിലും നിയമത്തിലെ പ്രധാന ഘടകമായ ഡാറ്റ ബാങ്ക് ഉണ്ടാക്കുവാന്‍ ഉദ്യോഗസ്ഥരും മാറി മാറി വന്ന സര്‍ക്കാരുകളും അനാസ്ഥ കാണിച്ചു. അതുകൊണ്ട് നേരത്തെ ഉണ്ടായിരുന്ന വയലുകള്‍ നികത്തിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാഫിയയ്ക്ക് അവസരം കിട്ടി. ഈ നിയമ ഭേദഗതിയിലൂടെ നികത്തിയെടുത്ത പാടങ്ങള്‍ക്ക് കരഭൂമി സ്റ്റാറ്റസ് കിട്ടുകയാണ്. നിലവില്‍ ഡാറ്റാബാങ്കില്‍ പെടാത്ത പാടശേഖരങ്ങള്‍ അണ്‍നോട്ടിഫൈഡ് ആയി കണക്കാക്കും എന്ന് ഭേദഗതിയില്‍ എഴുതി വച്ചു. നെല്‍പ്പാടങ്ങളുടെ സംരക്ഷണ അപ്പസ്‌തോലനായി ഒരു കാലത്ത് അവതരിച്ച വ്യക്തി കൃഷി മന്ത്രിയായി വന്നപ്പോഴാണ് വയലുകള്‍ക്ക് ചരമഗീതം എഴുതുന്നത് എന്നത് വലിയ വിരോധാഭാസമാണ്. 

1970കളില്‍ സംസ്ഥാനത്ത് 8 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ വെറും 1.9 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങിയ കാലഘട്ടത്തിലാണ് ഈ ഭേദഗതി. നമ്മുടെ ഭക്ഷ്യഉല്‍പാദനം 5.49 ലക്ഷം ടണ്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 4.37 ലക്ഷം ടണ്‍ മാത്രമാണ്. നികത്തിയെടുക്കുന്ന വയലുകള്‍ എന്നേക്കുമായി നഷ്ടമാകുന്നുവെന്ന് ഓര്‍ക്കണം. വയലിന് രൂപമാറ്റം വരുത്തിയാല്‍ ഒരു കാലത്തും പിന്നെ അവിടെ കൃഷി ചെയ്യാനാകില്ല. ഭക്ഷ്യ സുരക്ഷയ്ക്കും കുടിവെള്ള ലഭ്യതക്കും, വരള്‍ച്ച നിയന്ത്രിക്കുന്നതിനും വെള്ളപൊക്കം ഒഴിവാക്കുന്നതിനും ഭൂഗര്‍ഭ ജല റീചാര്‍ജിങ്ങിനും കാലിത്തീറ്റ ഉത്പാദനത്തിനും പ്രാദേശിക കാലാവസ്ഥ നിയന്ത്രണത്തിനും നെല്‍വയലുകള്‍ അത്യന്താപേക്ഷിതമാണ്. 

ജൈവവൈവിധ്യം, ഔഷധ സസ്യങ്ങള്‍, ദേശാടന പക്ഷികള്‍ എന്നിവയുടെ നിലനില്‍പ്പിന് പാടശേഖരങ്ങള്‍ വേണം. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ കാര്‍ബണ്‍ഡൈഓക്സൈഡ് ആഗീരണം ചെയ്യുന്നതില്‍ നെല്‍വയലുകള്‍ക്കും നല്ല പങ്കുണ്ട്. 2015ലെ ചെന്നൈ പ്രളയത്തിന് കാരണമായത് നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയതാണെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

സംസ്‌കൃത സര്‍വകലാശാലയ്ക്ക് വേണ്ടി നൂറുകണക്കിന് ഏക്കര്‍ പാടം നികത്തിയതിന്റെ ഭവിഷ്യത്തുകള്‍ കാലടി-മറ്റൂര്‍ മേഖലകളില്‍ വളരെ വ്യക്തമാണ്. പ്രാദേശിക കാലാവസ്ഥ പോലും മാറിക്കഴിഞ്ഞു. കേരള സംസ്ഥാനത്തിന്റെ 5 ശതമാനത്തിനു താഴെ മാത്രമാണ് പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും. പാലക്കാട് 1970ല്‍ 183181 ഹെക്ടര്‍ പാടം ഉണ്ടായിരുന്നത് ഇന്ന് ബാക്കി  79201 ഹെക്ടര്‍ മാത്രമാണ്. 2008ലെ നിയമം മെത്രാന്‍ കായല്‍, വളന്തകാട് എന്നിവിടങ്ങളിലെ ഭൂനികത്തല്‍ തടയാനായിരുന്നു. 

പണ്ടൊക്കെ കേരള ഭൂവിനിയോഗ നിയമം പാടം നികത്തല്‍ തടയാന്‍ പര്യാപ്തമായിരുന്നു. ഗ്രാമത്തില്‍ 10 സെന്റും പട്ടണത്തില്‍ 5 സെന്റും പാടമല്ലാത്ത വേറെ സ്ഥലമില്ലാത്തവര്‍ക്കു നികത്താമെന്നായപ്പോള്‍ വയലുകള്‍, വീട്ടിലെ കുഞ്ഞുകുട്ടികള്‍ മുതലുള്ളവരുടെ പേരിലാക്കുകയും പാടങ്ങള്‍ ചെറിയ തുണ്ടങ്ങളാക്കി വീടുവയ്ക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുകയുമായിരുന്നു.

ഈ നിയമ ഭേദഗതി കേരളത്തെ മരുഭൂമിയാക്കും. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കും എന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഭേദഗതിയിലൂടെ ഇല്ലാതാക്കിയത്. ഒരേ സമയം കൃഷി വ്യാപിപ്പിക്കലും നികത്താന്‍ അവസരം നല്‍കലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കാത്തതാണ.് കാരണം, നിങ്ങള്‍ കൊയ്യും വയലുകളെല്ലാം നിങ്ങളുടേതാകും എന്ന് പാടിയവരാണവര്‍. നേടിയെടുത്ത വയലുകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് അടിയറവു വയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്ന കാഴ്ചയാണ് നിയമ ഭേദഗതിയിലൂടെ നടപ്പാക്കുന്നത്. 

ലോകം മുഴുവന്‍ 2030ലെ ഭക്ഷ്യസുരക്ഷാ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ തൊഴിലാളിപ്പാര്‍ട്ടി തൊഴിലാളിയെ തഴഞ്ഞു മുതല്‍ മുടക്കുകാരനും മുതലാളിക്കും വേണ്ടി നിയമങ്ങള്‍ തിരുത്തുന്നു. കേരളത്തെ സംബന്ധിച്ചെടുത്തോളം എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന ഈ ഭേദഗതി ഗ്രാമങ്ങളെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കു നയിക്കുമെന്നതില്‍ തര്‍ക്കമില്ല. ആയതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഡാറ്റ ബാങ്ക് ഉണ്ടാക്കി 2008ലെ നിയമം നിലനിര്‍ത്തി കേരളത്തിലെ ഭാവിതലമുറയെ രക്ഷിക്കുകയാണ് ശരിയായ മാര്‍ഗ്ഗം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.