വി.കെ. കൃഷ്ണന്റെ ആത്മഹത്യ; അന്വേഷണം അട്ടിമറിച്ചതായി പട്ടികജാതി മോര്‍ച്ച

Wednesday 11 July 2018 1:26 am IST

തിരുവനന്തപുരം: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി നേതാവുമായിരുന്ന വി.കെ. കൃഷ്ണന്റെ ആത്മഹത്യയെ സംബന്ധിച്ചുളള അന്വേഷണം പോലീസ് അട്ടിമറിച്ചതായി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ആരോപിച്ചു.

സിപിഎം നേതാക്കളുടെ മാനസികപീഡനം സഹിക്കാനാകാതെയാണ് വി.കെ. കൃഷ്ണന്‍ ആത്മഹത്യചെയ്തത്. അദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ സിപിഎം പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയാറായില്ല. സിപിഎം നേതാക്കളെ സംരക്ഷിക്കാന്‍ മരണം ആത്മഹത്യയാക്കി മാറ്റി. ആത്മഹത്യാക്കുറിപ്പിനെപ്പറ്റി അന്വേഷിച്ചില്ല. 

വി.കെ. കൃഷ്ണന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പട്ടികജാതിമോര്‍ച്ച സംസ്ഥാനഘടകം ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 

അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ ഉള്‍പ്പെടെയുളള സംഘം നാളെ വി.കെ.കൃഷ്ണന്റെ വീട് സന്ദര്‍ശിക്കുമെന്നും അഡ്വ. പി. സുധീര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.