സഹ. ബാങ്കിലെ ക്രമക്കേട് വിരമിച്ചവരില്‍ നിന്ന് നഷ്ടം ഈടാക്കാനാവില്ല

Wednesday 11 July 2018 1:25 am IST

കൊച്ചി : വായ്പാ ക്രമക്കേടിലൂടെ സഹ. ബാങ്കിന് നഷ്ടമായ തുക കുറ്റക്കാരനായ ജീവനക്കാരന്റെ പെന്‍ഷന്‍ ആനൂകൂല്യങ്ങളില്‍ നിന്നു   ഈടാക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കുറ്റക്കാരനായ ജീവനക്കാരന്‍ ബാങ്കില്‍ നിന്നു വിരമിച്ചശേഷം  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയാനാവില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഔദാര്യമല്ല. ജീവനക്കാരന്റെ അവകാശമാണ്.കോടതി പറഞ്ഞൂ. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹര്‍ജിക്കാരന്റെ നിവേദനത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

കണ്ണൂര്‍ ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ പെന്‍ഷന്‍ ആനുകൂല്യം  നിഷേധിച്ചതിനെതിരെ മുന്‍ ജീവനക്കാരന്‍ സി.എം ഫിലിപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

ബാങ്ക് മാനേജര്‍ തന്നിഷ്ട പ്രകാരം വായ്പ നല്‍കിയ കേസില്‍  ബാങ്കില്‍ അക്കൗണ്ടന്റായിരുന്ന ഹര്‍ജിക്കാരന് മനസറിവുണ്ടെന്ന് കണ്ട്  സീനിയര്‍ ക്ലാര്‍ക്കായി തരം താഴ്ത്തി. ഇതിനെതിരെ രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. പിന്നീട് 2014 ഏപ്രില്‍ 30 ന് ഹര്‍ജിക്കാരന്‍ വിരമിച്ചു. തുടര്‍ന്ന് പെന്‍ഷനും ഗ്രാറ്റുവിറ്റിയുമടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഹര്‍ജിക്കാരന്‍ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് ബാങ്കിന് ഈടാക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 

 ഈ കേസില്‍ ഹര്‍ജിക്കാരന്‍ സര്‍വീസിലിരിക്കെ നഷ്ടം വന്ന തുക ശമ്പളത്തില്‍ നിന്ന് ഈടാക്കാതെ വിരമിച്ചശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് പരാതി. സര്‍വീസിലിരിക്കുമ്പോള്‍ ഹര്‍ജിക്കാരന് തരം താഴ്ത്തല്‍ ശിക്ഷ മാത്രം നല്‍കി. പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് തുക ഈടാക്കാന്‍ ഇയാള്‍ സര്‍വീസിലിരിക്കുന്ന സമയത്ത് തന്നെ ഇതിനായി അച്ചടക്ക നടപടി തുടങ്ങണമായിരുന്നു. വിരമിച്ചശേഷം ഇനി അതു സാദ്ധ്യമല്ല-കോടതി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.