മൂണിന്റെ സന്ദര്‍ശനം സമാധാനശ്രമങ്ങള്‍ക്ക് കരുത്തു പകരും: മോദി

Wednesday 11 July 2018 1:32 am IST
മോദിയുടെയും മൂണ്‍ ജെ ഇന്നിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരസഹായം ഉറപ്പാക്കുന്ന ഏഴ് കരാറുകളില്‍ ഒപ്പിട്ടു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ദക്ഷിണകൊറിയയുടെ പങ്കാളിത്തം ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂദല്‍ഹി : ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ സന്ദര്‍ശനം കൊറിയന്‍ ഉപഭൂഖണ്ഡ മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .'' ഉത്തര ഏഷ്യയും ദക്ഷിണേഷ്യയും തമ്മിലുള്ള പരസ്പരബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സമാധാന പ്രക്രിയയില്‍ ഇന്ത്യ പങ്കാളിയാണ്. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കുന്നതിന് നടപടിയെടുക്കും. '' സംയുക്തപ്രസ്താവനയില്‍ മോദി പറഞ്ഞു. ദക്ഷിണ കൊറിയ കഴിഞ്ഞ ജൂണില്‍ കൊറിയന്‍ മേഖലയിലെ സമാധാന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 

മോദിയുടെയും മൂണ്‍ ജെ ഇന്നിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരസഹായം ഉറപ്പാക്കുന്ന ഏഴ് കരാറുകളില്‍ ഒപ്പിട്ടു.  'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ദക്ഷിണകൊറിയയുടെ പങ്കാളിത്തം ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറിയന്‍ കമ്പനികള്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ പ്രതിഭയുടെ മഹത്വം വെളിപ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മോദിയും മൂണ്‍ ജെ ഇന്നും തമ്മിലുള്ള സംഭാഷണത്തില്‍ കൊറിയന്‍ ഉപദ്വീപിലെ സാഹചര്യം, വ്യാപാരവും പ്രതിരോധവും ഉയര്‍ത്തുന്നതിനുള്ള വഴികള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

 ഞായറാഴ്ച ദല്‍ഹിയിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും മോദിയും സ്വീകരണമൊരുക്കിയിരുന്നു.  ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തിങ്കളാഴ്ച നോയ്ഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി മൂണ്‍ ഉദ്ഘാടനം ചെയ്തിരുന്നു.  സാംസങ് സംവിധാനത്തിന്റെ ഉദ്ഘാടനത്തിനായി നോയ്ഡയിലേക്കുള്ള മെട്രോ ട്രെയിനില്‍ ഇരുനേതാക്കളും ഒരുമിച്ചാണ് സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ മൂണ്‍ ജെ ഇന്നിന്റെ  ഇന്ത്യയിലെ ആദ്യത്തെ സന്ദര്‍ശനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.