സിപിഎം രാമായണ മാസാചരണത്തിന്

Wednesday 11 July 2018 1:27 am IST

കണ്ണൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും ഗണേശോത്സവവും മറ്റും സംഘടിപ്പിച്ചതിനു പിന്നാലെ സിപിഎം രാമായണ മാസാചരണം നടത്തുന്നു. പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ഹൈന്ദവ സമൂഹം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം തിരിച്ചറിയുകയും ആത്മീയതയിലേക്ക് തിരിയുകയും പാര്‍ട്ടിയില്‍ നിന്നകലുകയും ചെയ്യുന്നുവെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് പുതിയ നീക്കം. 

ആത്മീയതയുമായി ബന്ധപ്പെടുന്ന സഖാക്കള്‍ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നതായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായും പാര്‍ട്ടി മനസ്സിലാക്കി. സംസ്ഥാനത്താകമാനം രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് പാര്‍ട്ടി തീരുമാനം. എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ അധ്യക്ഷനും ഇപ്പോള്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ കണ്ണൂര്‍ സ്വദേശിയായ വി.ശിവദാസനാണ് രാമായണ മാസാചരണത്തിന്റെ സംസ്ഥാനതല ചുമതല. 

കണ്ണൂരിലെ സിപിഎം നേതൃത്വം മുന്‍കയ്യെടുത്ത് ഹൈന്ദവ വിശ്വാസികള്‍ക്കിടയിലേക്ക് കടന്നു കയറാമെന്ന വ്യാമോഹത്തോടെ ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും സംഘടിപ്പിച്ചിരുന്നു.  പാര്‍ട്ടിക്ക് കീഴിലുള്ള കടലാസ് സംഘടനയായ സംസ്‌കൃത സംഘത്തിന്റെ ബാനറിലാണ് രാമായണ മാസാചരണവും സംഘടിപ്പിക്കുക. ഏതാനും ദിവസം മുമ്പ് കണ്ണൂരില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും നേതൃത്വത്തില്‍ ക്ഷേത്ര ഭാരവാഹികളുടെയെന്ന പേരില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും ക്ഷേത്രങ്ങളില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന അഷ്ടമിരോഹിണി ആഘോഷം ഇത്തവണ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബാലഗോകുലം നടത്തുന്ന ആഘോഷങ്ങളെ തകര്‍ക്കാന്‍ വര്‍ഷങ്ങളായി സിപിഎം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു കണ്‍വെന്‍ഷന്‍.

വരുന്ന 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. സിപിഎം സഹയാത്രികരായ പാര്‍ട്ടി പ്രഭാഷകരെ പരിപാടികളില്‍ പ്രാസംഗികരായി പങ്കെടുപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.