കെര്‍ബര്‍ സെമിയില്‍

Wednesday 11 July 2018 1:23 am IST

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, ലാത്‌വിയയുടെ യെലേന ഒസ്റ്റപെങ്കോ എന്നിവര്‍ സെമിയില്‍.

റഷ്യന്‍ താരവും 14-ാം സീഡുമായ ഡാരിയ കസാറ്റ്കിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മുന്‍ ഫൈനലിസ്റ്റുകൂടിയായ കെര്‍ബര്‍ സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-3, 7-5. ആദ്യ സെറ്റ് അനായാസം നേടിയ കെര്‍ബര്‍ രണ്ടാം സെറ്റില്‍ എതിരാളിയില്‍ നിന്നും കനത്ത വെല്ലുവിളി നേരിട്ടു. എന്നാല്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് പോരാടിയ കെര്‍ബര്‍ ഒടുവില്‍ വിജയം നേടുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒസ്റ്റപെങ്കോ സെമിയിലെത്തിയത്. സ്‌കോര്‍: 7-5, 6-4. സെമിയില്‍ കെര്‍ബറാണ് ഒസ്റ്റപെങ്കോയുടെ എതിരാളി.

പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, നൊവാക് ദ്യോക്കോവിച്ച്, യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, കെവിന്‍ ആന്‍ഡേഴ്‌സണ്‍, മിലോസ് റാവോനിക്ക്, ജോണ്‍ ഇസ്‌നര്‍, കി നിഷികോരി എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. കഴിഞ്ഞ ദിവസം റോജര്‍ ഫെഡററും അവസാന എട്ടില്‍ ഇടംനേടിയിരുന്നു. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ഫെഡറര്‍ക്ക് എതിരാളി എട്ടാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണ്. രണ്ടാം സീഡ് റാഫേല്‍ നദാല്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെയും 12-ാം സീഡ് ദ്യോക്കോവിച്ച് ജപ്പാന്റെ കി നിഷികോരിയെയും 13-ാം സീഡ് മിലോസ് റാവോനിക്ക്  ഒമ്പതാം സീഡ് ജോണ്‍ ഇസ്‌നറയെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.