ഇംഗ്ലണ്ട് കടക്കാന്‍ ക്രൊയേഷ്യ

Wednesday 11 July 2018 1:37 am IST

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. രാത്രി 11.30ന് മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടാനെത്തുന്നത് ഇംഗ്ലണ്ടും കരുത്തരായ ക്രൊയേഷ്യയും. ലോകകപ്പില്‍ ആദ്യമായാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് 2-0ന് സ്വീഡനെ പരാജയപ്പെടുത്തിയപ്പോള്‍ ക്രൊയേഷ്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആതിഥേയരായ റഷ്യയെ മറികടന്നു. ഇംഗ്ലണ്ട് 1990നുശേഷവും ക്രൊയേഷ്യ 1998നു ശേഷവും ആദ്യമായാണ് ലോകകപ്പ് സെമി കളിക്കാനിറങ്ങുന്നത്. 1966നുശേഷം ഇംഗ്ലണ്ട് ആദ്യ ഫൈനല്‍ ലക്ഷ്യമിടുമ്പോള്‍ ക്രൊയേഷ്യ ലോകകപ്പില്‍ ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുക. മുന്‍പ് 1998-ല്‍ മൂന്നാം സ്ഥാനം നേടിയതാണ് ക്രൊയേഷ്യയുടെ മികച്ച പ്രകടനം. 

ക്വാര്‍ട്ടറില്‍ സ്വീഡനെതിരെ അനായാസമായിരുന്നു ഇംഗ്ലീഷ് വിജയം. എന്നാല്‍ ആതിഥേയരെ ഷൂട്ടൗട്ടില്‍ മലര്‍ത്തിയടിക്കാന്‍ ക്രൊയേഷ്യക്ക് കഠിന പ്രയത്‌നം തന്നെ വേണ്ടിവന്നു. തുടര്‍ച്ചയായ രണ്ട് ഷൂട്ടൗട്ട് മത്സരങ്ങള്‍ക്കുശേഷമാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്ക് കടക്കാന്‍ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്ക് ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടിവന്നു. 

ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 ഗോള്‍ നേടിയപ്പോള്‍ നാലെണ്ണം ക്രൊയേഷ്യ വഴങ്ങി. അതേസമയം ഇംഗ്ലണ്ട് 11 എണ്ണം അടിച്ചുകൂട്ടിയപ്പോള്‍ നാലെണ്ണം വഴങ്ങി. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ കീഴടക്കാന്‍ ഷൂട്ടൗട്ട് വരെ ഇംഗ്ലണ്ട് ടീമിന് കാത്തിരിക്കേണ്ടിവന്നു. രണ്ട് ടീമുകളുടെയും പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെടുന്ന മത്സരമായിരിക്കും ഇത്. ഇംഗ്ലണ്ട്‌നിരയില്‍ ക്യാപ്റ്റന്‍ ഹാരികെയ്‌നും ക്രൊയേഷ്യയില്‍ മരിയോ മാന്‍സുകിച്ചുമായിരിക്കും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരുടെ പോരാട്ടമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. ക്രൊയേഷ്യക്കായി സ്ലാറ്റ്‌കോ ഡാലിച്ചും ഇംഗ്ലണ്ടിനായി സൗത്ത്‌ഗേറ്റും തന്ത്രങ്ങള്‍ മെനയും.

എന്നാല്‍ താരസാന്നിധ്യത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഒരുപിടി മുന്നിലാണ് ക്രൊയേഷ്യ. സന്തുലിതമായ മധ്യനിരയാണ് അവരുടെ കരുത്ത്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്ലേ മേക്കറായ ലൂക്കാ മോഡ്രിച്ചാണ് മധ്യനിരയില്‍ നെടുനായകത്വം വഹിക്കുക. 4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങുന്ന ക്രൊയേഷ്യക്ക് കളി മെനയാന്‍ മോഡ്രിച്ചിനൊപ്പം ഇവാന്‍ റാക്കിട്ടിച്ചും ഇവാന്‍ പെരിസിച്ചും ആന്ദ്രെ ക്രമാറിച്ചും റെബിച്ചും എത്തും. റഷ്യക്കെതിരെ ക്വാര്‍ട്ടറില്‍ ഇറക്കിയ അതേ ഇലവനെ തന്നെയായിരിക്കും ഇന്ന് ഇംഗ്ലണ്ടിനെതിരെയും ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് അണിനിരത്തുക. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും  ഗോള്‍വല കാത്ത സുബാസിച്ച് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. അതിനാല്‍ സുബാസിച്ച് ഇന്ന് ഗോള്‍വലക്ക് മുന്നില്‍ എത്തുമെന്നാണ് കോച്ച് പറയുന്നത്. പ്രതിരോധ നിരക്കാരനായ സിമി വസല്‍ജോക്കോയും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും ഇന്ന് കളിക്കാനിറിങ്ങും. ഇതോടെ തികച്ചും സന്തുലിതമായ നിരയുമായിട്ടായിരിക്കും ക്രൊയേഷ്യ ഫൈനല്‍ പ്രവേശം തേടിയുള്ള കളിക്കിറങ്ങുക. എന്നാല്‍ അര്‍ജന്റീനക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ മോഡ്രിച്ചിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. ഡെന്മാര്‍ക്കിനും റഷ്യക്കുമെതിരായ മത്സരങ്ങളില്‍ ഇത് തുറന്നുകാട്ടപ്പെട്ടതുമാണ്.

ഹാരി കെയ്ന്‍ എന്ന സൂപ്പര്‍ സ്‌ട്രൈക്കറെ മുന്‍നിര്‍ത്തിയാണ് ഇംഗ്ലണ്ട് കോച്ച് ഗരെത്ത് സൗത്ത്‌ഗേറ്റ് തന്ത്രങ്ങള്‍ മെനയുന്നത്. സ്വീഡനെതിരായ മത്സരത്തിലെ അതേ ടീമിനെയായിരിക്കും കോച്ച് കളത്തിലിറക്കുക. 3-5-2 ശൈലിയില്‍ ഹാരി കെയ്‌നിനൊപ്പം റഹിം സ്റ്റര്‍ലിങ് സ്‌ട്രൈക്കറാകും. മഗ്യൂറേ, വാല്‍ക്കര്‍, സ്‌റ്റോണ്‍സ് എന്നിവര്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ ലിങ്ഗാര്‍ഡ്, ഹെന്‍ഡേഴ്‌സണ്‍, ഡെലെ അലി എന്നിവര്‍ക്കൊപ്പം, ആഷ്‌ലി യങും ട്രിപ്പല്ലറും വിങ്ങര്‍മാരാകും. ആര്‍ക്കും പരിക്കൊന്നുമില്ലാത്തതും സൗത്ത്‌ഗേറ്റിന്റെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ കളികളിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും നിലവില്‍ ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമനാണ് ഹാരി കെയ്ന്‍. ആറ് ഗോളുകള്‍ ഇതിനകം അടിച്ചുകൂട്ടിയ കെയ്ന്‍ മികച്ച താരത്തിനുള്ള സ്വര്‍ണ്ണപന്ത് പോരാട്ടത്തിലും മുന്നിലാണ്. എന്നാല്‍ റഹിം സ്റ്റര്‍ലിങ് ഗോള്‍ കണ്ടെത്താത്തത് ഇംഗ്ലണ്ടിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കെയ്ന്‍ ഗോളടിക്കാത്ത മത്സരത്തില്‍ ഡെലെ അലിയും മഗ്യൂറെയുമായിരുന്നു ഗോളടിച്ചത്.

അതേസമയം ഇംഗ്ലണ്ട് നായകന്‍ ഹാരികെയ്‌നെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങളെല്ലാം അണിയറയില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ക്രൊയേഷ്യന്‍ കോച്ച് പറഞ്ഞു. ഇംഗ്ലണ്ടിനെ നേരിടാന്‍ ടീം പൂര്‍ണ സജ്ജരാണെന്നും എതിരാളി എന്ന നിലയില്‍ ഇംഗ്ലണ്ടിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ക്രൊയേഷ്യക്കെതിരെ തന്ത്രങ്ങള്‍ മെനഞ്ഞുകഴിഞ്ഞുവെന്നും അത് കളിക്കളത്തില്‍ നടപ്പാക്കി വിജയിക്കുമെന്നുമാണ് ഇംഗ്ലണ്ട് കോച്ച് സൗത്ത്‌ഗേറ്റ് പറയുന്നത്.

ഇരു ടീമുകളും തമ്മില്‍ എട്ടാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. മുന്‍പ് കളിച്ച ഏഴില്‍ ഇംഗ്ലണ്ട് നാലില്‍ ജയിച്ചപ്പോള്‍ ക്രൊയേഷ്യയുടെ നേട്ടം രണ്ടിലൊതുങ്ങി. ഒരെണ്ണം സമനിലയിലും. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും ക്രൊയേഷ്യ തോല്‍ക്കുകയായിരുന്നു. ഈ പരാജയങ്ങള്‍ക്കെല്ലാം പകരം വീട്ടാനുറച്ചാണ് ക്രൊയേഷ്യ ഇന്നിറങ്ങുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.