ന്യൂദല്‍ഹി: പരിക്ക് മാറി തിരിച്ചെത്തിയ ഇന്ത്യന്‍ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകറിന് ആദ്യ ടൂര്‍ണമെന്റില്‍ തന്നെ സ്വര്‍ണം. തുര്‍ക്കിയില്‍ നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തിലാണ് സ്വര്‍ണ നേട്ടവുമായി ദിപ തിളങ്ങിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജിംനാസ്റ്റാണ് ദിപ. കഴിഞ്ഞ ഫെബ്രുവരിയില്‍ മെല്‍ബണില്‍ നടന്ന ലോക കപ്പ് ജിംനാസ്റ്റിക്സ് സീരീസില്‍ അരുണ റെഡ്ഡി വെങ്കലംനേടിയിരുന്നു.
തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന മത്സരത്തില്‍ 14.150 പോയിന്റുമായാണ് ദിപ സ്വര്‍ണം സ്വന്തമാക്കിയത്. യോഗ്യത റൗണ്ടില്‍ 13.400 പോയിന്റും ദിപ നേടിയിരുന്നു. ലോക ചലഞ്ച് കപ്പില്‍ ദിപയുടെ ആദ്യ സ്വര്‍ണമാണിത്. ഇതേയിനത്തില്‍ റിയോ ഒളിമ്പിക്സില്‍ മത്സരിച്ച ദിപ നാലാം സ്ഥാനത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: