ഷംസീറിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

Wednesday 11 July 2018 2:08 am IST

കണ്ണൂര്‍: തലശ്ശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് വിജ്ഞാപനം തിരുത്തിയും റാങ്ക് പട്ടികയും സംവരണതത്വവും മറികടന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം നല്‍കിയത് വിവാദത്തില്‍.  കൂടിക്കാഴ്ചയിലെ  ആദ്യറാങ്കുകാരിയെ ഒഴിവാക്കിയാണ് സിപിഎം എംഎല്‍എയുടെ ഭാര്യയെ നിയമിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തിലാണ് നിയമനം.  ഒന്നാം റാങ്കുകാരി ബിന്ദു  കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 

  പൊതുനിയമനത്തിനാണ് വിജ്ഞാപനമിറക്കിയത്. ഇത് തിരുത്തി ഒബിസി മുസ്ലിം എന്നാക്കി മാറ്റിയാണ് നിയമനം നല്‍കിയത്. 14ന് നടന്ന അഭിമുഖത്തില്‍ എംഎല്‍എയുടെ ഭാര്യക്ക്  രണ്ടാം റാങ്കാണ് ലഭിച്ചത്. ഇതോടെ കരാര്‍ നിയമനത്തിനും സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒബിസി സംവരണത്തില്‍പ്പെടുത്തി നിയമനം നല്‍കി. ഈ തസ്തികയിലേക്ക്  ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണക്കാര്യം സൂചിപ്പിച്ചിരുന്നില്ല. 

സംവരണാടിസ്ഥാനത്തിലാണ് നിയമനം എന്നാണ്  സര്‍വകലാശാല വിശദീകരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ അവസാനം നടന്ന നിയമനം പൊതുവിഭാഗത്തില്‍ നിന്നും ആയതിനാല്‍ ഇത്തവണത്തെ നിയമനം റിസര്‍വേഷനിലാണ് വരികയെന്നും ഈഴവ, തിയ്യ, ബില്ലവ, എസ്‌സി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ ഹാജരാകാത്തതിനാല്‍ അടുത്ത സംവരണവിഭാഗമായ മുസ്ലിം വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് നിയമനം നല്‍കുകയായിരുന്നുവെന്നുമാണ്  അനൗദ്യോഗിക വിശദീകരണം.

മറ്റൊരു സിപിഎം നേതാവും എംപിയുമായ യുവനേതാവിന്റെ ഭാര്യ ഉള്‍പ്പെടെയുളള ചിലരേയും കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക തസ്തികയിലേക്ക് തിരുകിക്കയറ്റാന്‍ നീക്കമുണ്ട്. താല്‍ക്കാലികമായി നിയമനം നേടുന്ന ഇവരെ  മുന്‍പരിചയത്തിന്റെ പരിഗണന വച്ച് സര്‍വകലാശാലയ്ക്ക് പുതുതായി  അനുവദിച്ച സ്ഥിരം തസ്തികയില്‍  നിയമിക്കാനുളള നീക്കമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.