ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി ആരോപണങ്ങള്‍ വ്യാജം; വിശദീകരണവുമായി കേന്ദ്രം

Wednesday 11 July 2018 2:09 am IST

ന്യൂദല്‍ഹി: റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ സംഭവത്തില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ആരംഭിക്കാനിരിക്കുന്ന സ്ഥാപനത്തിന് പദവി നല്‍കരുതെന്ന് ചട്ടത്തില്‍ പറയുന്നില്ല. സ്ഥാപനത്തിന് നിലവില്‍ ശ്രേഷ്ഠ പദവിയില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിദഗ്ധസമിതിയുടെ പ്രതീക്ഷകള്‍ നിറവേറ്റി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പദവി ലഭിക്കൂ. പ്രതീക്ഷക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനമെങ്കില്‍ പദവി എടുത്തുമാറ്റാന്‍ വിദഗ്ധ സമിതിക്ക് സാധിക്കും, മന്ത്രാലയ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

 ഐഐടി ബോംബെ, ഐഐടി ദല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, ബിഐടിഎസ് പിലാനി, ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ മൂന്ന് പൊതുസ്ഥാപനങ്ങള്‍ക്കും മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് കേന്ദ്രം ശ്രേഷ്ഠ പദവി നല്‍കിയത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കിയതിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജപ്രചാരണങ്ങളുണ്ടായി. പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രീന്‍ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തിലാണ് ജിയോ  ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയത്. 

എയര്‍ടെലിന്റെ ഭാരതി യൂണിവേഴ്സിറ്റി, അനില്‍ അഗര്‍വാളിന്റെ വേദാന്ത യൂണിവേഴ്സിറ്റി, മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉപദേശകനായ കെആര്‍ഇഎ യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും അപേക്ഷ നല്‍കിയിരുന്നു. ഭൂമിയുടെ ലഭ്യത, ഉയര്‍ന്ന യോഗ്യതയും അനുഭവപരിചയവുമുള്ള നേതൃത്വം, ആവശ്യമായ സാമ്പത്തികം തുടങ്ങിയ മാനദണ്ഡങ്ങളില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മുന്നിലെത്തിയത്. 

മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗോപാലസ്വാമി, ഹൗസ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് രേണു ഖടോ, മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍. പ്രീതം സിങ്, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പ്രൊഫസര്‍ തരുണ്‍ ഖന്ന എന്നിവരടങ്ങിയ സമിതിയാണ് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. 

ഇടത്-മുസ്ലിം തീവ്രവാദികളുടെ കേന്ദ്രമായ ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുതാര്യമായി നടത്തിയ തിരഞ്ഞെടുപ്പിനെതിരെ വ്യാജപ്രചാരണം ആരംഭിച്ചത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.