മണിപ്പൂര്‍ ആരോഗ്യ മന്ത്രി ഔഷധി സന്ദര്‍ശിച്ചു

Wednesday 11 July 2018 2:15 am IST

തൃശൂര്‍: മണിപ്പൂര്‍ സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എല്‍. ജയന്തകുമാര്‍ സിങ് തൃശൂരിലെ ഔഷധി ആസ്ഥാനം സന്ദര്‍ശിച്ചു. കേരളത്തിലെ ആയുര്‍വേദ ചികിത്സാ രീതിയെക്കുറിച്ച് കൂടുതലറിയുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

മണിപ്പൂരിന്റെ ഭൗതിക സാഹചര്യത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് അനന്തമായ സാധ്യതകളുണ്ടെന്നും, ആയുര്‍വേദ മരുന്നുകള്‍ക്കാവശ്യമായ ധാരാളം ചെടികള്‍ മണിപ്പൂരില്‍ സുലഭമാണെന്നും അദ്ദേഹം 

പറഞ്ഞു. 

മണിപ്പൂരില്‍ ഔഷധി പോലുള്ള സ്ഥാപനങ്ങള്‍ തുടങ്ങുവാനും, കേരളത്തില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുപോകാനും തീരുമാനമായി. മരുന്നു നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ മണിപ്പൂരില്‍ നിന്ന് എത്തിച്ചു കൊടുക്കും. 

മണിപ്പൂരിലെ ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍, സഞ്ചരിക്കുന്ന ആയുര്‍വേദ ആശുപത്രികള്‍ ആരംഭിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ആയുഷ് ഡയറക്ടര്‍ ഡോ.ഗുണേശ്വര്‍, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍. രംഗ് പീറ്റര്‍, ഡോ. മേമ ദേവി, സഹധര്‍മിണി എല്‍. ശാന്തിബാല ദേവി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ ഔഷധിയിലെത്തിയ സംഘത്തെ ഔഷധി ചെയര്‍മാന്‍ ഡോ.കെ.ആര്‍. വിശ്വംഭരന്‍, എംഡി കെ.വി. ഉത്തമന്‍, പ്രോജക്റ്റ് മാനേജര്‍ ടി. ഉണ്ണികൃഷ്ണന്‍, പഞ്ചകര്‍മ്മ വിഭാഗം സൂപ്രണ്ട് ഡോ.കെ.എസ്. രജിതന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രിയംവദ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ധന്വന്തരി മൂര്‍ത്തിയുടെ വിഗ്രഹത്തിനു മുന്‍പില്‍ വിളക്കു കൊളുത്തി പ്രാര്‍ഥിച്ച ശേഷമാണ് അദ്ദേഹം രോഗികളെ കണ്ടത്. ചികിത്സാ മുറികളും സന്ദര്‍ശിച്ചു.

കേരളത്തില്‍ രാഷ്ട്രീയമാറ്റം വേണം: എല്‍. ജയന്തകുമാര്‍ സിങ്

രാഷ്ട്രീയമാറ്റം അനിവാര്യമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മണിപ്പൂര്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എല്‍. ജയന്തകുമാര്‍ സിങ് തൃശൂരില്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് സാധിക്കുന്നില്ല. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഏറ്റവും നല്ലത് എവിടെ ലഭിക്കുമെന്ന് കണ്ടെത്തി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് അവരാഗ്രഹിക്കുന്നതിനും മീതെ നല്‍കാന്‍ സര്‍ക്കാരും ആരോഗ്യ കുടുംബക്ഷേമ വകുപ്പും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.