പോപ്പുലര്‍ ഫ്രണ്ട് നിരോധനം; ഗവര്‍ണര്‍ വിശദീകരണം തേടി

Wednesday 11 July 2018 3:03 am IST
പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാനത്തു നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും രണ്ടുതട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നീക്കം ശ്രദ്ധേയമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാറിനെ രാജ്ഭവനില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാനത്തു നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും രണ്ടുതട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നീക്കം ശ്രദ്ധേയമാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന പോലീസിന്റെ നിലപാട്. എഡിജിപി ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തിലും വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെയും സംസ്ഥാനത്തുണ്ടായ ചില സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നു പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ടും ബെഹ്‌റ യോഗത്തില്‍ അവതരിപ്പിച്ചു. ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയെങ്കിലും കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തു. കേരളം ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും നിരോധിക്കുകയാണെങ്കില്‍ ആദ്യം ആര്‍എസ്എസ്സിനെ നിരോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. പോപ്പുലര്‍ ഫ്രണ്ടിനു തീവ്രവാദ സ്വഭാവമുണ്ടെന്ന് അംഗീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തയാറായില്ല. നിരോധിച്ചാല്‍ മറ്റൊരു പേരില്‍ അതു തിരികെയെത്തുമെന്നായിരുന്നു കോടിയേരിയുടെ നിലപാട്.

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാടില്‍ സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളോട് ശക്തമായ നടപടി വേണമെന്ന വാദം പാര്‍ട്ടിയില്‍ ശക്തമാകുന്നുണ്ട്. അതിനാല്‍ മുന്‍ നിലപാടില്‍ നിന്ന് മാറി കേന്ദ്രം നിരോധിച്ചാല്‍ എതിര്‍ക്കേണ്ട എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കില്ലെന്നു മാത്രം. അതിനാല്‍ ഗവര്‍ണറുടെ നടപടി ശ്രദ്ധേയമാകും. നിലവിലെ സാഹചര്യത്തില്‍ നിരോധിക്കണം എന്ന റിപ്പോര്‍ട്ടാകും ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കുക. അടുത്തയാഴ്ച ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.