വലിഞ്ഞു കീറി, ഭിത്തിയില്‍ ഒട്ടി പിണറായി

Wednesday 11 July 2018 3:09 am IST
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായിരുന്നു വിശിഷ്ടാതിഥികള്‍. ആരോഗ്യരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് പാര്‍ട്ടി പത്രം പുളകം കൊണ്ട പുരസ്‌കാരദാന ചടങ്ങിന്റെ പേരില്‍ പിണറായി വിജയനും സര്‍ക്കാരും നാണക്കേടിന്റെ പടുകുഴിയിലാണിപ്പോള്‍. അന്താരാഷ്ട്ര പുരസ്‌കാരമെന്നും ആദരവെന്നും ബഹുമതിയെന്നുമൊക്കെ ആഘോഷിച്ച ആ ചടങ്ങിന്റെ ചിത്രങ്ങള്‍ അത്രമേല്‍ ദയനീയം.

കൊച്ചി: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. 2018 ജൂലൈ ആറ്, വലിയൊരു പുരസ്‌കാരദാന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് അവിടെ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയ വിശാലമായ വേദിയിലേക്ക് വിശിഷ്ടാതിഥികള്‍ ഇരുന്നു. ക്യാമറകള്‍ മിഴി തുറന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വമ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി വിശിഷ്ടാതിഥികള്‍ സായൂജ്യരായി. സദസ്സില്‍ നിന്ന് വന്‍ കരഘോഷമുയര്‍ന്നു... (ഇതൊരു സാങ്കല്‍പിക വിവരണമാണ്. യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്ന്)   

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായിരുന്നു വിശിഷ്ടാതിഥികള്‍. ആരോഗ്യരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് പാര്‍ട്ടി പത്രം പുളകം കൊണ്ട പുരസ്‌കാരദാന ചടങ്ങിന്റെ പേരില്‍ പിണറായി വിജയനും സര്‍ക്കാരും നാണക്കേടിന്റെ പടുകുഴിയിലാണിപ്പോള്‍. അന്താരാഷ്ട്ര പുരസ്‌കാരമെന്നും ആദരവെന്നും ബഹുമതിയെന്നുമൊക്കെ ആഘോഷിച്ച ആ ചടങ്ങിന്റെ ചിത്രങ്ങള്‍ അത്രമേല്‍ ദയനീയം. എണ്ണിയെടുത്താല്‍ ഇരുപത്തഞ്ചിലധികം ആളുകളില്ല ചുറ്റും. അതില്‍ത്തന്നെ മൂന്നു ക്യാമറാമാന്മാര്‍. പിന്നെ മുഖ്യമന്ത്രിയുടെ സംഘത്തിലെ അംഗങ്ങള്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില ജീവനക്കാര്‍... ഇതത്രേ കേരളത്തിനുള്ള അന്താരാഷ്്ട്ര പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങുന്നതിനു സാക്ഷ്യം വഹിച്ച സദസ്സ്.

പത്താം ക്ലാസ്സില്‍ എല്ലാത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥിയെ അനുമോദിക്കാന്‍ ചേരുന്ന സമ്മേളനത്തില്‍പ്പോലുമുണ്ടാവും ഇതിന്റെ എത്രയോ ഇരട്ടി പങ്കാളിത്തം. നിപ വൈറസിനെ പ്രതിരോധിച്ച പിണറായി അന്താരാഷ്ട്രതലത്തില്‍ വലിയ സംഭവമായെന്നു കാണിക്കാന്‍ ഉപദേശകരും ഉപജാപക സംഘവും തുനിഞ്ഞിറങ്ങിയപ്പോള്‍ നാണംകെട്ടത് കേരളമാണ്. പുരസ്‌കാരമല്ല, ഉപഹാരമാണെന്നു വിമര്‍ശനമുയര്‍ന്നു ആദ്യം. പിണറായിയെ ആരും ക്ഷണിച്ചില്ല, ഇതൊരു സന്ദര്‍ശനം മാത്രമെന്നു ആരോപണമുയര്‍ന്നു പിന്നീട്. അതിനെ മറികടക്കാന്‍ പുറത്തു വിട്ട, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതെന്നു പറയുന്ന കത്ത് അതിലും വലിയ നാണക്കേടായി. 

ശൈലജ ടീച്ചര്‍ എന്നൊക്കെ വിളിച്ച് അമേരിക്കയില്‍ നിന്ന് കത്തു വരുമോ എന്നാണ് ചോദ്യമുയരുന്നത്. ഈ മാസം രണ്ടിന് കത്ത് വന്നു, മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴിന് എത്തി, ഇതെങ്ങനെ എന്നും ചോദിക്കുന്നു ചിലര്‍. ആ കത്തിലാകട്ടെ നിപയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നുമില്ല. 

പിണറായി വിജയന് സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ പോകാന്‍ വഴിയൊരുക്കാന്‍ തട്ടിക്കൂട്ടിയതാണ് ഈ അവാര്‍ഡ് നാടകം എന്നാണ് ആരോപണം. കേരളത്തില്‍ തുറക്കാനിരിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തെത്താന്‍ ശ്രമിക്കുന്ന ചിലരുടെ മണിയടിയുടെ ഭാഗമാണ് സംഭവത്തിനു പിന്നിലെന്നും കേള്‍ക്കുന്നു. 

എന്തായാലും ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരാന്തയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുരസ്‌കാര നാടകത്തിന്റെ അന്ത്യരംഗം ദയനീയം... അപഹാസ്യനായി പിണറായി. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ വലിഞ്ഞു കീറി ഭിത്തിയില്‍ ഒട്ടിയ അവസ്ഥ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.