താലിബാന്‍ വിരുദ്ധ പാര്‍ട്ടിയുടെ യോഗത്തിനിടെ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Wednesday 11 July 2018 8:11 am IST
2013ലെ തെരഞ്ഞടുപ്പിന്റെ സമയത്തും എഎന്‍പിയെ ലക്ഷ്യം വച്ച് താലിബാന്‍ ആക്രമണം നടത്തിയിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ബഷീര്‍ ബിലൗര്‍ അന്നത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹരൂണ്‍ ബിലൗറും കൊല്ലപ്പെട്ടു.

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ യോഗത്തിനിടെ ഉണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയാണ് അവാമി നാഷണല്‍ പാര്‍ട്ടി. ജൂലൈ 25ന് നടക്കാനിരിക്കുന്ന പാക് തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 50ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തെരഞ്ഞടുപ്പിന് മുന്‍പ് പാകിസ്ഥാനില്‍ ഇത്ര കടുത്ത ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.

2013ലെ തെരഞ്ഞടുപ്പിന്റെ സമയത്തും എഎന്‍പിയെ ലക്ഷ്യം വച്ച് താലിബാന്‍ ആക്രമണം നടത്തിയിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ബഷീര്‍ ബിലൗര്‍ അന്നത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹരൂണ്‍ ബിലൗറും കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയോട് ഏറെ ചേര്‍ന്നു കിടക്കുന്ന പെഷവാര്‍ ഇസ്ലാമിക ഭീകരരുടെ താവളമാണ്.

വര്‍ഷങ്ങളായി തങ്ങളുടെ കീഴിലുള്ള രാഷ്ട്രം എന്ന സ്വപ്നത്തിനു വേണ്ടി ആയിരക്കണക്കിന് ആളുകളെയാണ് താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത്. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കുറവുണ്ടായിരുന്നു. പക്ഷേ ഈ ഭീകരര്‍ പലരും അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയാണ് ചെയ്തത്. ഇവിടെ ഇരുന്നു കൊണ്ടാണ് ഇവര്‍ പാകിസ്ഥാനിലെ പല ആക്രമണങ്ങളും ആസൂത്രണം ചെയ്തത്.

കഴിഞ്ഞ മാസം യുഎസ് ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനി താലിബാന്‍ നേതാവ് മുല്ല ഫസലുള്ള കൊല്ലപ്പെട്ടിരുന്നു. 2013ലെ ഇലക്ഷനു മുന്‍പ് എഎന്‍പിക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു മുല്ല ഫസലുള്ള.

ജൂലൈ 25ന് നടക്കുന്ന തെരഞ്ഞടുപ്പ് സമാധാനപരമായി നടത്തുന്നതിന് 371000 സൈനികരെ രാജ്യത്തുടനീളം ഏര്‍പ്പെടുത്തുമെന്ന് വ്യാഴാഴ്ച പാക് സൈന്യം വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.