വാന്‍കൂവറില്‍ മൂന്നുദിവസത്തെ കൂടിയാട്ടം ഉത്സവം അവസാനിച്ചു

Wednesday 11 July 2018 10:58 am IST
വാന്‍കൂവറിലെ ആദ്യ പരിപാടി മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി തോരണയുദ്ധം കളിയായിരുന്നു. രണ്ടാമത്തേത് ബാലി വധം. കൂടാതെ കൂടിയാട്ടം ശില്‍പ്പശാലയും ഉണ്ടായിരുന്നു.
"മാര്‍ഗി മധുവും ഡോ.ഇന്ദുവും "

കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഇന്ത്യന്‍ സമ്മര്‍ ഫെസ്റ്റിവല്‍, പതിനേഴാമത് വേള്‍ഡ് സംസ്കൃത സമ്മേളനം എന്നിവയുടെ ആഭിമുഖ്യത്തില്‍ മൂഴിക്കുളം നേപഥ്യയുടെ കൂടിയാട്ടം മൂന്നു ദിവസത്തെ  ഉല്‍സവം ജൂലായ്‌ ഒന്‍പത് രാത്രിയിലെ ബാലിവധം കളിയോടെ സമാപിച്ചു. എറണാകുളം ജില്ലയിലെ. മൂഴിക്കുളം, കേരളത്തിലെ മാത്രമല്ല, സാംസ്കാരിക ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ഗ്രാമനഗരമായി അറിയപ്പെടാന്‍ ഇടയായത് പൈതൃകസംസ്കാരത്തിന്റെ കറതീര്‍ന്ന ഒരിരിപ്പിടമായി ഐക്യരാഷ്ട്രസഭ കൂടിയാട്ടത്തെ അംഗീകരിച്ചതോടെയാണെന്ന് തോന്നുന്നു. മൂഴിക്കുളത്തുനിന്നും അമ്മന്നൂര്‍ കുടുംബത്തിലെ ശ്രീ മാര്‍ഗ്ഗി മധുമാഷും, ഭാര്യ ഡോ. ഇന്ദുവുമാണ് നേപഥ്യയുടെ സാരഥികള്‍. കൂടിയാട്ടം തനതായ സംസ്കൃത ഭാഷയിലുള്ള തിയേറ്റര്‍ ആയതുകൊണ്ട്  ലോകസംസ്കൃത സമ്മേളനത്തില്‍ ശ്രീ മാര്‍ഗ്ഗി മധു അതിനെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.  

വാന്‍കൂവറിലെ ആദ്യ പരിപാടി മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി തോരണയുദ്ധം കളിയായിരുന്നു. രണ്ടാമത്തേത് ബാലി വധം. കൂടാതെ കൂടിയാട്ടം ശില്‍പ്പശാലയും ഉണ്ടായിരുന്നു. വാന്‍കൂവറില്‍ ഇതാദ്യമായാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. മലയാളികളില്‍ മിക്കവാറും പേര്‍ക്കും മറ്റുള്ള ആസ്വാദകരെപ്പോലെ തന്നെ ഇത് ആദ്യത്തെ അനുഭവമായിരുന്നു. നിറഞ്ഞ സദസ്സിനുമുന്‍പില്‍ മധുവിന്റെ രാവണനും ബാലിയും നിറഞ്ഞു നിന്നു. മിഴാവിലും ഇടയ്ക്കയിലും തീര്‍ത്ത നടകള്‍ താളവാദ്യത്തില്‍ പലര്‍ക്കും അത്ഭുതമായി. ഷോ നടന്ന ഹാളിലെ ടെക്നീഷ്യന്‍ മിഴാവിനുള്ളില്‍ എന്തെങ്കിലും ഡിജിറ്റല്‍ സെറ്റപ്പ് ഉണ്ടോ എന്നന്യോഷിക്കുകയായിരുന്നു. ചെറുതുള്ളികളായി വെള്ളം നിലത്തു വീണ് അത് മഴയായും പിന്നെ അരുവിയായും കൂലംകുത്തിയൊഴുകുന്ന നദിയായും മാറുന്നത് മധുമാഷ്‌ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ മിഴാവിലും ഇടയ്ക്കയിലും താലവാദ്യക്കാര്‍ മായാജാലം കാണിച്ചു. രാവണന്‍ കൈലാസമെടുത്ത് അമ്മാനമാടുമ്പോള്‍ ആ വന്‍മല പെട്ടെന്നു മേലേയ്ക്ക് വീണേക്കുമോ എന്ന് കാണികള്‍ക്ക് തോന്നി.

ഉത്സവത്തില്‍ രണ്ടാം ദിവസം ഇന്ത്യന്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സൈമണ്‍ ഫ്രേസര്‍ യൂനിവേര്‍സിറ്റി കാമ്പസ്സില്‍ നടത്തിയ കൂടിയാട്ടം വര്‍ക്ക്ഷോപ്പില്‍ കലാസ്വാദകര്‍ക്കായി മിഴാവ് പരിശീലനം, ചുട്ടി, വേഷം  പരിശീലനം, അഭിനയം എന്നിവയുണ്ടായിരുന്നു. കൂടാതെ സോദ്ദാഹരണ പ്രഭാഷണവും അഭിനയവും കാഴ്ചവച്ച് നേപഥ്യ ആസ്വാദകരെ അമ്പരപ്പിച്ചു. കൂടിയാട്ടം രീതിയില്‍ അക്ഷരം, വാക്ക്, വാചകം എന്നിവ ഹസ്തമുദ്രയിലൂടെയും ആട്ടത്തിലൂടെയും കഥ പറഞ്ഞ് ഫലിപ്പിക്കുന്ന രീതികള്‍ അവതരിപ്പിക്കാന്‍ മധുമാഷിന്റെയൊപ്പമുള്ള കലാകാരന്മാര്‍ മാറി മാറി രംഗത്തെത്തി. ഡോ ഇന്ദുവും മധുമാഷും ചേര്‍ന്ന് നവരസം അവതരിപ്പിച്ചപ്പോഴും മിഴാവും ഇടയ്ക്കയും അഭിനയത്തിനു മാറ്റ് കൂട്ടി.

ഉത്സവത്തിലെ മൂന്നാം ദിവസം കൂടിയാട്ടം സംസ്കൃതസമ്മേളനവേദിയില്‍ ആയിരുന്നു. ജൂലായ്‌ ഒന്‍പതാം തീയതി രാവിലെ ഭാരതത്തിലെ മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 600 സംസ്കൃത ഭാഷാ-സംസ്കാരവിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളവര്‍ പ്രഫസര്‍മാരും പണ്ഡിതരും പങ്കെടുക്കുന്നുണ്ട്. കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി ബാലിവധം കൂടിയാട്ടമാണ് സര്‍വകലാശാലയില്‍ അരങ്ങേറിയത്.

നേപഥ്യയിലെ രാഹുല്‍ചാക്യാര്‍, വിഷ്ണുപ്രസാദ്, യദുകൃഷ്ണന്‍, ശ്രീഹരി ചാക്യാര്‍, കലാനിലയം സുന്ദരന്‍, എന്നിവരോടൊപ്പം ഡോ. ഇന്ദുവും ശ്രീ മാര്‍ഗ്ഗി മധുവും പ്രധാന വേഷങ്ങള്‍ ചെയ്തു. കലാമണ്ഡലം മണികണ്ഠന്‍, നേപഥ്യ ജിനേഷ്, നേപഥ്യ അശ്വിന്‍ എന്നിവര്‍ മിഴാവിലും കലാനിലയം രാജന്‍ ഇടക്കയിലും നാദവിസ്മയം തീര്‍ത്തു. ഇസ്രായേല്‍ യൂനിവേര്‍സിറ്റിയിലെ കൂടിയാട്ടം ഗവേഷക ശ്രീമതി എലീന മേറ്റച്ചെല്ലി കുഴിത്താളം കൊട്ടി. കലാമണ്ഡലം സതീശനും സുന്ദരനും ചുട്ടിയും മേക്കപ്പും നടത്തി.

ഡോ സുകുമാര്‍ കാനഡ തോരണയുദ്ധം കളിയ്ക്ക് മുന്‍പ് കൂടിയാട്ടത്തെപ്പറ്റി പ്രസംഗിച്ചു. ജര്‍മ്മനിയില്‍ നിന്നും വന്ന പ്രഫസര്‍ ശ്രീമതി ഹെയ്ക്ക് ഒബെര്‍ലിന്‍ ബാലിവധം കളിയ്ക്ക് മുന്‍പ് കൂടിയാട്ടത്തെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചു. കൂടിയാട്ടം ആദ്യമായി കാണുന്നവര്‍ക്കുകൂടി മനസ്സിലാവാനായി കഥാസന്ദര്‍ഭം വിവരിക്കുകയും കഥ നടക്കുമ്പോള്‍ സംഭാഷണം ഇംഗ്ലീഷില്‍ പ്രോജക്റ്റ് ചെയ്തു കാണിക്കുകയും ഉണ്ടായി. മൂന്നുദിവസത്തെ അവിസ്മരണീയമായ കൂടിയാട്ടം ഉല്‍സവത്തിനു വാന്‍കൂവറില്‍ തിരശ്ശീല വീണു. കാനഡയില്‍ ഇനി കാല്‍ഗരി, മോണ്‍ട്രിയാല്‍, ടോറോന്റോ എന്നിവിടങ്ങളിലും നേപഥ്യ കൂടിയാട്ടം അവതരിപ്പിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.