അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു

Wednesday 11 July 2018 1:14 pm IST

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്തുവന്നു. 

28-11-2017 ല്‍ സുപ്പീരിയര്‍ ജനറല്‍ തനിക്ക് അയച്ച കത്ത് കിട്ടിയെന്നും കത്തിലെ ആവശ്യം അനുസരിച്ച്‌ 2017ഡിസംബര്‍ 18 ന് ജലന്തറില്‍ വച്ച്‌ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും കന്യാസ്ത്രീ കത്തില്‍ കുറിച്ചു. തനിക്കെതിരായ തെറ്റായ ആരോപണങ്ങളില്‍ അതിയായ വേദനയുണ്ടെന്നും ഒരു സമൂഹത്തിലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തെ എങ്ങനെയാണ് ഒരു മേലാധികാരിക്ക് ഇത്രയും തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയെന്നും കത്തില്‍ പറയുന്നു. ഇപ്പോഴത്തെ തന്റെ സുപ്പീരിയറുടെ നിയമനം തന്നെ സംശയാസ്പദമാണെന്നും. തെറ്റായ ആരോപണം ഉന്നയിച്ച്‌ തന്നെ സഭയില്‍ നിന്ന് പുറത്താക്കാനുളള നീക്കമാണ് നടക്കുന്നതെന്നും സുപ്പീരിയര്‍ ജനറലിന് അയച്ച കത്തില്‍ കന്യാസ്ത്രീ ആരോപിക്കുന്നു.

തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം കത്തയക്കുകയും ചെയ്തിട്ടുണ്ട്. ജലന്തര്‍ ബിഷപ്പ് 12 തവണ ബലാത്സംഗം ചെയ്‌തെന്ന് കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിരുന്നു. പീഡനം നടന്നത് കുറവിലങ്ങാട്ട് മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയിലാണെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.