ദല്‍ഹിയില്‍ വന്‍ സ്ഫോടനം നടത്താനുളള ഐഎസ് നീക്കം തകര്‍ത്തു

Wednesday 11 July 2018 3:45 pm IST
ദല്‍ഹിയിലെ ലാജ്പത് നഗറിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തി. ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വന്‍ സ്ഫോടനത്തിന് ആവശ്യമായ സാഹചര്യം സ്യഷ്ടിയ്ക്കുകയുമാണ് ഇയാള്‍ ചെയ്തു വരുന്നതെന്ന് വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ സ്ഥിരീകരിച്ചു.

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് വന്‍ സഫോടന പരമ്പര സ്യഷ്ടിയ്ക്കാനുള്ള ഐഎസ് നീക്കം സുരക്ഷാ എജന്‍സികള്‍ തകര്‍ത്തു. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെന്ന വ്യാജേന ദല്‍ഹിയിലെത്തിയ ഐഎസ് ഭീകരനാണ് സുരക്ഷാ എജന്‍സികളുടെ പിടിയിലായത്. 

ലോകവ്യാപകമായി സ്ഫാടനം സൃഷ്ടിക്കാന്‍ ഐഎസ് നിയോഗിച്ച പന്ത്രണ്ടംഗ ചാവേര്‍ സംഘത്തിലെ അംഗമായ ഐഎസ് ഭീകരന് മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്നും അന്വേഷണ എജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2017 മേയ് 27ന് ഉണ്ടായ മാഞ്ചസ്റ്റര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എജന്‍സികള്‍ നടത്തിയ നിരീക്ഷണമാണ് ഐഎസ് ഭീകരനിലേക്ക് സുരക്ഷാ എജന്‍സികളെ നയിച്ചത്. ദുബായില്‍ നിന്നും 50,000 ഡോളര്‍ ഒരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രാരംഭ അന്വേഷണം. 

ദല്‍ഹിയിലെ ലാജ്പത് നഗറിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തി. ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വന്‍ സ്ഫോടനത്തിന് ആവശ്യമായ സാഹചര്യം സ്യഷ്ടിയ്ക്കുകയുമാണ് ഇയാള്‍ ചെയ്തു വരുന്നതെന്ന് വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ സ്ഥിരീകരിച്ചു.

ഇതിനിടെയാണ് ലോകത്താകെ സ്ഫോടന പരമ്പര സ്യഷ്ടിയ്ക്കാന്‍ ഐ.എസ് നിയോഗിച്ച പന്ത്രണ്ട് പേരില്‍ ഒരാളാണ് ദല്‍ഹിയിലുള്ളതെന്ന വിവരം അമേരിയ്ക്കന്‍ ഇന്റലിജന്‍സ് എജന്‍സികള്‍ ലഭ്യമാക്കിയത്. തുടര്‍ന്നാണ് ഇയാളെ ആഴ്ചകള്‍ക്ക് മുന്‍പ് അതീവ രഹസ്യമായി പിടികൂടിയത്. 

ദല്‍ഹിയിലെ പ്രധാനപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്‍ മാഞ്ചസ്റ്റര്‍ മാത്യകയില്‍ സഫോടന പരമ്പര സൃഷ്ടിയ്ക്കാന്‍ ലക്ഷ്യമിട്ടതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട തന്റെ ബന്ധവും അന്വേഷണ സംഘത്തോട് ഇയാള്‍ വെളിപ്പെടുത്തിയതായാണ് വിവരം. കിട്ടിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ എടുത്ത ഇയാള്‍ ആദ്യം അവിടത്തെത്തന്നെ ഹോസ്റ്റലില്‍ ആണ് താമസിച്ചത്. എന്നാല്‍ അതിന്‌ശേഷം ഇയാള്‍ ലാജ്പത് നഗറില്‍ ഒരു വീട്ടിലേയ്ക്ക് മാറിതാമസിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയ ഇയാളെ ഇപ്പോള്‍ അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത സംഘം ചോദ്യം ചെയ്യുകയാണ്. മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ സുപ്രധാന അറസ്റ്റുകള്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. 

ദല്‍ഹിയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടിയ ഇയാള്‍ ചില വിദ്യാര്‍ത്ഥി സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ഇയാളുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ സാധിക്കു എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.