സ്ഥാനക്കയറ്റത്തിന് സംവരണത്തില്‍ ഇടക്കാല ഉത്തരവില്ല

Wednesday 11 July 2018 4:58 pm IST

ന്യൂദല്‍ഹി: പട്ടികജാതി,​ പട്ടികവര്‍ഗക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇതോടെ സ്ഥാനക്കയറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച നാഗരാജ്‌ കേസിലെ വിധി തല്‍ക്കാലം തുടരും.

വിഷയം ഏഴംഗ ഭരണഘടനാബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,​ ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍,​ ഡി.വൈ.ചന്ദ്രചൂഡ് എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഏഴംഗ ഭരണഘടനാ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. 

സംവരണം സംബന്ധിച്ച്‌ പല കോടതികള്‍ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ തന്നെ റെയില്‍വേ അടക്കം പല മേഖലകളിലും ലക്ഷക്കണക്കിന് തൊഴിലുകള്‍ അനിശ്ചിതാവസ്ഥയിലാണെന്ന് എ.ജി പറഞ്ഞു. എന്നാല്‍ കേസ് ആഗസ്റ്റ് ആദ്യവാരം മാത്രമെ പരിഗണിക്കാനാവൂയെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഒരു ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ തന്നെ പല കേസുകള്‍ പരിഗണിച്ചു വരികയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.