വിചിത്രവാദവുമായി നഴ്‌സ്; കൊന്നത് ഇരുപതിലേറെ രോഗികളെ

Wednesday 11 July 2018 5:43 pm IST
അയൂമി ജോലി ചെയ്തിരുന്ന യോക്കോഹാമയിലെ ഓഗുച്ചി ആശുപത്രിയില്‍ ഒരാഴ്ച മുമ്പ് സോസോ നിഷികാവയെന്ന എണ്‍പത്തിയെട്ടുകാരന്‍ മരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന് തുമ്പുണ്ടാക്കിയത്.

ടോക്യോ: ഡ്രിപ്പ  ബാഗില്‍ അണുനാശിനി  കലര്‍ത്തി ജപ്പാനില്‍ ഒഴു നഴ്‌സ് കൊന്നത് 20 ലേറെ രോഗികളെ. കൊലപ്പെടുത്തിയവരില്‍ ഏറെയും മൃതപ്രായര്‍. അതിനുള്ള കാരണമാകട്ടെ വിചിത്രവും. രോഗികള്‍ മരിച്ചാല്‍ അക്കാര്യം ബന്ധുക്കളെ അറിയിക്കാന്‍ ഭയമാണെന്നും താന്‍ ഡ്യൂട്ടിയിലില്ലാത്തപ്പോള്‍ മരണം നടക്കുന്ന വിധത്തില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിലായ നേഴ്‌സ് അയൂമി കുബോക്കി (31) കുറ്റസമ്മതം നടത്തി. അതേസമയം മൃതപ്രായരല്ലാത്തവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.  

അയൂമി ജോലി ചെയ്തിരുന്ന യോക്കോഹാമയിലെ ഓഗുച്ചി ആശുപത്രിയില്‍ ഒരാഴ്ച മുമ്പ് സോസോ നിഷികാവയെന്ന എണ്‍പത്തിയെട്ടുകാരന്‍ മരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന് തുമ്പുണ്ടാക്കിയത്. ഡ്രിപ്പ് ബാഗിലൂടെ വിഷം ഞരമ്പിലെത്തിയാണ് ഇയാള്‍ മരിച്ചത്. ഇതേ പ്രായത്തിലുള്ള മറ്റൊരു വൃദ്ധനെക്കൂടി വിഷം കുത്തിവെച്ച് കൊന്നതായി അയൂമി പോലീസിനോട് പറഞ്ഞു. രണ്ടു രോഗികളും ഒരേ റൂമില്‍ ചികിത്സയിലിരുന്നവരാണ്. ഏറെനാളെടുത്തുള്ള മരണം വിദഗ്ധമായി ആസൂത്രണം ചെയ്ത അയൂമി ഒരുമാസം മുമ്പ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. 

ഇതേ ആശുപത്രിയില്‍ 2016ലും ഇത്തരം അസാധാരണ മരണങ്ങള്‍ പതിവായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ മരിച്ചത് 48 രോഗികള്‍. ഒരേദിവസം മരിച്ചത് അഞ്ചു രോഗികള്‍.ബെന്‍സൈല്‍ ക്ലോറൈഡ് എന്ന രാസവസ്തുവാണ് കൊല്ലപ്പെട്ട രണ്ടു വൃദ്ധരുടെയും ശരീരത്തില്‍ കണ്ടെത്തിയത്. നേഴ്‌സുമാരുടെ സങ്കേതം വൃത്തിയാക്കാനും ഉപയോഗിച്ചിരുന്നത് ഇതേ രാസവസ്തുവാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അയൂമിയുടെ വസത്രത്തിലുമുയായിരുന്നു ഈ രാസവസ്തു. പത്തോളം ഡ്രിപ്പ് ബാഗുകളില്‍ തുളവീണതായും കണ്ടെത്തി. 

മരണത്തിലൊന്നിലും തനിക്ക് പങ്കില്ലെന്ന് ആദ്യം നിഷേധിച്ച അയൂമി, വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ജോലി സമയത്ത് ആശുപത്രിയില്‍ അസാധാരണമായി യാതൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അയൂമിയുടെ അറസ്റ്റ് സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. അവര്‍ പ്രശ്‌നക്കാരിയാണെന്ന യാതൊരു സൂചനയും ഇതേവരെ തോന്നിയില്ലെന്നാണ് കൂടെയുള്ളവരുടെ വെളിപ്പെടുത്തല്‍. 

മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സംസ്‌ക്കരിച്ചതിനാല്‍ 2016ലെ അസാധാരണ മരണങ്ങളുടെയെല്ലാം കാരണം വെളിപ്പെടുത്തുക സങ്കീര്‍ണമാണെന്നാണ് പോലീസ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.