നിങ്ങളുടെ സത്ത അനശ്വരമാണ്

Thursday 12 July 2018 2:36 am IST

തന്നെ ശരീരത്തോട് ചേര്‍ത്തുവച്ചുകൊണ്ട് സമൂഹത്തിലിരിക്കുന്നുവെന്നും വ്യവഹാരം ചെയ്യുന്നുവെന്നും മറ്റും പറയുന്നു. നിങ്ങള്‍ ദേഹമോ മനസ്സോ അല്ലാതിരിക്കവെ അവയാണെന്നു പറയുന്നു. ഇതെല്ലാം വിട്ടിരിക്കുന്ന ഒരവസരം നിങ്ങള്‍ക്കുമുണ്ട്; ഉറക്കം. അപ്പോള്‍ നിങ്ങള്‍ ഏതു സമൂഹത്തിലിരിക്കും?

മാറ്റമറ്റ നിങ്ങളുടെ സാക്ഷാല്‍ സ്വരൂപം അവസ്ഥാത്രയങ്ങളിലും ഉള്ളതായിരിക്കുന്നു. അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ നശ്വരങ്ങളാണ്. നിങ്ങള്‍ നിങ്ങളെ അറിയാതിരുന്ന സുഷുപ്തിയിലും നിങ്ങളുണ്ടായിരുന്നുവെന്ന സത്യത്തെ മറക്കരുത്.  നിങ്ങളുടെ ദേഹവും മനസ്സും എങ്ങെങ്ങും ചരിക്കുമ്പോഴും (ആത്മാവ്) നിശ്ചഞ്ചലമായി ഇരുന്ന നിലയില്‍ തന്നെ ഇരിക്കുകയാണ്. ഇതു ശാന്തിയുടെ അനുഭൂതിസ്വരൂപമാണ്.

നിങ്ങളുടെ സത്ത ആനന്ദമാണ്. സത്തയെ വിട്ടിരിക്കാന്‍ നിങ്ങള്‍ക്ക് സാദ്ധ്യവുമല്ല. നിങ്ങള്‍ നിങ്ങളെ ദേഹത്തിലും മനസ്സിലും ഇരിക്കുന്നതായി കാണുന്നു. ദേഹവും മനസ്സും നശ്വരങ്ങളാണ്. എന്നാല്‍ നിങ്ങളുടെ സത്ത അനശ്വരമാണ്. നശ്വരങ്ങള്‍ക്കെല്ലാം ആധാരമായ ഈ സത്തയെ, സാക്ഷാല്‍സ്വരൂപത്തെ ഉണര്‍ത്തുക.

  നിത്യമായ ആത്മസ്വരൂപത്തില്‍ നിന്നുമകന്നുപോകുന്ന മനസ്സിനെ വീണ്ടും ആത്മാഭിമുഖമാക്കിത്തീര്‍ക്കാന്‍ മനസ്സ് സ്വസങ്കല്‍പത്തില്‍ കൂടി വരിച്ചിരിക്കുന്ന ഈ ലോകം നശ്വരമാണെന്ന് ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകം അനിത്യമാണെന്ന് പറഞ്ഞതുകൊണ്ടായില്ല. നിങ്ങളുടെ നിത്യത്വത്തെ കാണണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.