ഭഗവാന്‍ സ്വനിശ്ചയത്തിന്റെ കാരണംപറയുന്നു

Thursday 12 July 2018 2:41 am IST

യജ്ഞം-വേദങ്ങളിലും സ്മൃതികളിലും അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദാനം- യോഗ്യതയുള്ള വ്യക്തികള്‍ക്ക്, ധനം,

 ധാന്യം, മുതലായ പദാര്‍ത്ഥങ്ങള്‍ സമര്‍പ്പിക്കുക.

തപസ്സ്- വേദം ഇതിഹാസ പുരാണങ്ങള്‍ ഇവയുടെ അധ്യയനം. ''തപോഹി സ്വാധ്യായഃ''

(=സ്വാധ്യായം തപസ്സാണ്) എന്ന് വേദവചനം.

ഇങ്ങനെ യജ്ഞത്തിന്റെയും, ദാനത്തിന്റെയും തപസ്സിന്റെയും ലക്ഷണങ്ങളുള്ള കര്‍മങ്ങള്‍ മൂന്നുവിധവും നിത്യം അനുഷ്ഠിക്കേണ്ടവയും വേദപ്രോക്തങ്ങളുമാണ്. ഗൃഹസ്ഥന്‍, വിരക്തനും മോക്ഷം ആഗ്രഹിക്കുന്നവനുമായിത്തീര്‍ന്നാല്‍ പോലും ത്യജിക്കാന്‍ പാടില്ല. കാരണം നിത്യകര്‍മങ്ങളായതിനാലും, പുരുഷാര്‍ത്ഥ സിദ്ധിക്ക്- ധര്‍മ്മാര്‍ത്ഥ കാമമോക്ഷ ലാഭത്തിനു കാരണമായതിനാലും അനുഷ്ഠിക്കാതിരുന്നാല്‍- പ്രത്യവായം- എന്ന ദോഷം സംഭവിക്കും; ആത്മീയ പുരോഗതിക്ക് തടസ്സം നേരിടും. അതിനാല്‍ ശ്രദ്ധയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുക തന്നെ വേണം.

മനീഷിണാം- വേദങ്ങളും വേദാര്‍ത്ഥങ്ങളും അധ്യയനം ചെയ്ത്, പഠിച്ച്, നന്മയും തിന്മയും കര്‍ത്തവ്യങ്ങളും അകര്‍ത്തവ്യങ്ങളും വേര്‍തിരിച്ച് അറിഞ്ഞ്, മോക്ഷം ആഗ്രഹിക്കുന്നവരെയാണ് മനീഷികള്‍ എന്ന് ശ്ലോകത്തില്‍ പറയുന്നത്. അവര്‍ ഭഗവാന്  ആരാധനയായിത്തീരും വിധത്തില്‍, സ്വര്‍ഗാദിഫലം ആഗ്രഹിക്കാതെ, അനുഷ്ഠിക്കുക തന്നെ വേണം. ഈ വസ്തുത ഭഗവാന്‍ മൂന്നാം അധ്യായത്തില്‍ മുപ്പതാം ശ്ലോകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

''മയി സര്‍വ്വാണി കര്‍മ്മാണി

സന്ന്യസാത്മ ചേതസാ

നിരാശീഃ നിര്‍മ്മമോഭൂത്വാ

യുധ്യസ്വ വിഗതഭ്വരഃ'' (3-30)

ശ്രീശങ്കരാചാര്യര്‍ ഈ ശ്ലോകത്തിന് എഴുതിയ ഭാഷ്യം നോക്കാം.

മയി= വാസുദേവേ പരമേശ്വരേ സര്‍വ്വജ്ഞേ

സര്‍വ്വാത്മനി= എല്ലാത്തിനും ഈശ്വരനും 

എല്ലാം അറിയുന്നവനും എല്ലാത്തിന്റെയും അകത്ത് പരമാത്മാവായും ശോഭിക്കുന്നവനുമായ വസുദേവപുത്രനായ എന്നില്‍- ഈ കൃഷ്ണനില്‍- സര്‍വ്വാണി കര്‍മ്മാണി= എല്ലാവിധ കര്‍മങ്ങളും സംന്യസ്യ= നിക്ഷിപ്യ= സമര്‍പ്പിക്കപ്പെടും വിധത്തില്‍ നിക്ഷേപിച്ചിട്ട്,

അധ്യാത്മചേതസാ= വിവേകബുദ്ധ്യാ= വിവേകപൂര്‍ണമായ ബുദ്ധിയോടെ (നിക്ഷേപിച്ചിട്ട്, വിവേകബുദ്ധി എന്തെന്ന് ആചാര്യര്‍ വിശദീകരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം)

''അഹം കര്‍ത്താ ഈശ്വരായ ഭൃത്യവത് 

കരോമി-ഇത്അനയാബുദ്ധ്യാ'' (=കര്‍മങ്ങളുടെ കര്‍ത്താവായ ഞാന്‍ ഈശ്വരനുവേണ്ടി, ഒരു ഭൃത്യനെപ്പോലെ) (= ഒരു സേവകന്‍ തന്റെ യജമാനന് എന്നപോലെ) കര്‍മങ്ങള്‍ അനുഷ്ഠിക്കണം. മാത്രമല്ല, നിരാശീഃ= എല്ലാവിധ ഫലങ്ങളെയും ഉപേക്ഷിക്കണം, മാത്രമല്ല, നിര്‍മ്മമോ ഭൂത്വാ='മമ'- എന്ന ഭാവം, എന്റേത് എന്ന മനോഭാവവും ഉപേക്ഷിക്കണം.

''വിഗതജ്വരഃ''- ദുഃഖിക്കേണ്ട കാര്യമില്ല; വിഷാദിക്കേണ്ട കാര്യമില്ല.

യുധ്യസ്വ-യുദ്ധം ചെയ്തുകൊള്ളൂ.

യുദ്ധം എന്ന കര്‍മ്മം വേദങ്ങളിലോ, സ്മൃതികളിലോ നിര്‍ദ്ദേശിച്ച കര്‍മമല്ല, ലൗകിക കര്‍മമാണ്; ക്രൂരകര്‍മമാണ്. ഗുരുനാഥന്മാരെയും ബന്ധുക്കളെയും വധിക്കാനാണ് ഭഗവാന്‍ ആജ്ഞാപിക്കുന്നത്. ഭഗവാന്റെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിച്ച് ഭഗവാനെ സന്തോഷിപ്പിക്കുക എന്നതാണ് ഒരു ഉത്തമ ഭക്തന്റെ കര്‍ത്തവ്യം, മറ്റൊന്നുമല്ല- യജമാനനെ സേവിച്ച് തന്നെ ജീവിതം നയിക്കുന്ന ഭൃത്യന്, തന്റെ സുഖത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. എല്ലാത്തിന്റെയും തെറ്റുകളും പാപങ്ങളും ആ സമര്‍പ്പിത ജീവിതംകൊണ്ടു തന്നെ നശിക്കും; തീര്‍ച്ച. ഈ വസ്തുതയാണ് ഈ ശ്ലോകത്തിലെ- (18-5)

''പാവനാനി മനീഷിണാം'' എന്ന ഭാഗത്തിന്റെ വിശദീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.