നഴ്‌സിംഗ് സീറ്റ് അഴിമതി: പ്രവേശന പരീക്ഷാ കമ്മീഷണറടക്കം നാലു പേര്‍ ഹാജരാകണം

Thursday 12 July 2018 3:05 am IST

തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള  സര്‍ക്കാര്‍ മെരിറ്റ് സീറ്റ്  സ്വാശ്രയ  മാനേജ്‌മെന്റ്  കോളേജുകള്‍ക്ക് മറിച്ച് നല്‍കി അഴിമതി നടത്തിയെന്ന കേസില്‍ പ്രവേശന പരീക്ഷാ കമ്മീഷണറടക്കം നാലു പ്രതികള്‍ ആഗസ്ത് 11ന് കോടതിയില്‍ ഹാജരാകണം. 

മുന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ സി.കെ. വിശ്വനാഥന്‍, മുന്‍ പ്രവേശന പരീക്ഷ (അക്കാദമിക്) ജോയിന്റ് കമ്മീഷണര്‍ രജൂ കൃഷ്ണന്‍, മുന്‍ പ്രവേശന  പരീക്ഷ (കമ്പ്യൂട്ടര്‍ ) ജോയിന്റ് കമ്മീഷണര്‍ ടി.ജി. വിജയകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരോടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ വിജിലന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ഉത്തരവിട്ടത്. 

2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളില്‍ വ്യാജമായ വിവരങ്ങള്‍ എഴുതി ചേര്‍ത്ത് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന്  കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ സ്‌പോട്ട് അഡ്മിഷന്‍ നടത്താതെ നവംബര്‍ 9 ന് അപേക്ഷ ക്ഷണിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. 

പ്രതികളുടെ പ്രവൃത്തി കാരണം കണ്ടുകെട്ടല്‍ ഫീസിനത്തില്‍ സംസ്ഥാന ഖജനാവിന് വന്‍ നഷ്ടം സംഭവിച്ചു. കൂടാതെ എസ്ഇബിസി വിദ്യാര്‍ഥികള്‍ക്ക് റിസര്‍വ് ചെയ്ത 130 സീറ്റുകള്‍ നിയമവിരുദ്ധമായി മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് മറിച്ചുനല്‍കി. 

സ്വാശ്രയ മാനേജ്‌മെന്റു കള്‍ക്ക് ലഭിച്ച ഈ സീറ്റുകള്‍  വഴി ലക്ഷങ്ങളുടെ തലവരിപ്പണം വാങ്ങി സ്വാശ്രയ മാനേജ്‌മെന്റുകള്‍ കോടികള്‍ സമ്പാദിച്ചു. പ്രതികള്‍ യാതൊരു പൊതുതാല്‍പര്യവുമില്ലാതെ അഴിമതി നടത്തിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.