ഉണരണം, സാംസ്‌കാരിക നായകര്‍

Thursday 12 July 2018 3:55 am IST
മതത്തിന്റെ കീഴിലുള്ള അടിമത്തത്തില്‍ നിന്ന് മനുഷ്യന്‍ സ്വയം മോചിതമാകണം. ഭയപ്പെടുത്തി വിശ്വാസികളെ വിവിധ മതങ്ങള്‍ അടിമകളാക്കി വച്ചിരിക്കുന്നത് അവസാനിക്കണം. നവോത്ഥാന കാലത്തെ പോലെ, വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറാനാകണം. ജനങ്ങളുടെ ഭാവനയെ വളര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്യേണ്ടവരാണ് സാംസ്‌കാരിക നേതാക്കള്‍.

കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ തുടരുന്ന നിശബ്ദതയാണ് സംസ്ഥാനത്ത് വര്‍ഗ്ഗീയ ശക്തികള്‍ ചുവടുറപ്പിക്കാന്‍ കാരണമെന്ന് പ്രൊഫ.ടി.ജെ. ജോസഫ്. മത തീവ്രവാദികളുടെ ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ അദ്ധ്യാപകനും മൂവാറ്റുപുഴ സ്വദേശിയുമായ പ്രൊഫ. ടി.ജെ. ജോസഫ്. 2010 ജൂലൈ നാലിന് ഇദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അടുത്തിടെ എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ അഭിമന്യുവിന്റെ കൊലപാതകത്തിലും ഇതേ മത-തീവ്രവാദ ശക്തികള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും ഇത്തരം വര്‍ഗീയ വാദികള്‍ കൂടുതല്‍ ശക്തമായതല്ലാതെ ഇവര്‍ക്കെതിരെ നടപടികളൊന്നും എടുക്കാനായിട്ടില്ല എന്നതാണ് മനുഷ്യ മനസാക്ഷിയുടെ മുന്നില്‍ അവശേഷിക്കുന്ന ചോദ്യം.

നന്മയുടെ വെളിച്ചം വിതറണം

സമൂഹത്തിന് ചിന്താപരമായ ഉണര്‍വ് അനിവാര്യമാണ്, ഇതിന് വൈകാരികമായ പ്രതികരണമല്ല വേണ്ടതെന്നാണ് തന്റെ അഭിപ്രായം എന്നാണ് പ്രൊഫ. ടി.ജെ. ജോസഫ് പറയുന്നത്. ബോധവത്ക്കരണം പോലുള്ള പരിപാടികളില്‍ വിവിധ സാംസ്‌കാരിക നായകന്മാര്‍ മുന്നിട്ടിറങ്ങി സമൂഹത്തിന്റെ മുന്നില്‍ ഇത് എന്നും ഒരു ചോദ്യചിഹ്നമായി നിര്‍ത്താനാകണം. എങ്കില്‍ മാത്രമെ പരിവര്‍ത്തനമുണ്ടാകൂ. സമൂഹത്തിന് നന്മയുടെ വെളിച്ചം വിതറേണ്ടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരും സാംസ്‌കാരിക നായകരും പ്രതികരിക്കാത്തതും രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയതയെ താലോലിക്കുന്നതും മൂലമാണ് വര്‍ഗീയത കലാലയത്തിലേയ്ക്ക് കടന്ന് കയറാന്‍ കാരണം. തന്റെ നേരെ ആക്രമണം അഴിച്ചുവിട്ടവര്‍ക്ക് അവര്‍ രൂപപ്പെടുത്തിയ ഒരു കാരണമുണ്ടായിരുന്നുവെന്നും അഭിമന്യുവിന് നേരെ നടന്ന ആക്രമണത്തിന് വ്യക്തമായ ഒരു കാരണം പോലും ഉണ്ടായിരുന്നില്ലയെന്നും പ്രൊഫസര്‍ അഭിപ്രായപ്പെടുന്നു.

സാക്ഷര കേരളത്തില്‍ പോലും ഇത്രമാത്രം അധമ അവസ്ഥ ഉണ്ടാകാന്‍ കാരണം മനുഷ്യന് ഉള്ളിലെ നന്മ കെട്ടുപോകുന്നത് കൊണ്ടാണ്. മത ഭീകരതയ്ക്കും മതാന്ധതയ്ക്കും എതിരെയുള്ള പോരാട്ടത്തിന് കലാകാരന്മാര്‍ വഴി തുറക്കണം, ഇത് മാത്രമേ ജനങ്ങളെ സ്വാധീനിക്കുകയുള്ളുവെന്നും പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.

1930 മുതലുള്ള നവോത്ഥാന കാലഘട്ടത്തെ തുടര്‍ന്ന് മാറി വന്ന കേരളത്തിലെ പൊതുസമൂഹം അതിലും ഗുരുതരമായുള്ള സ്ഥിതിയിലേക്ക് മടങ്ങി പോകുകയാണ്. മതത്തിന്റെ കീഴിലുള്ള അടിമത്തത്തില്‍ നിന്ന് മനുഷ്യന്‍ സ്വയം മോചിതമാകണം. ഭയപ്പെടുത്തി വിശ്വാസികളെ വിവിധ മതങ്ങള്‍ അടിമകളാക്കി വച്ചിരിക്കുന്നത് അവസാനിക്കണം. നവോത്ഥാന കാലത്തെ പോലെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറാനാകണം. ജനങ്ങളുടെ ഭാവനയെ വളര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്യേണ്ടവരാണ് സാംസ്‌കാരിക നേതാക്കള്‍. ഇവരുടെ ഉറക്കമാണ് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം. പ്രീണന നയവും, പക്ഷപാതവും, രാഷ്ട്രീയ താല്പര്യവും ഉള്ളത് കൊണ്ട് സാഹിത്യകാരന്മാര്‍ വഴി പിരിഞ്ഞ് പോകുകയാണ്. 

നിര്‍ദ്ധന കുടുംബത്തില്‍ നിന്ന് വന്ന ആദര്‍ശ ധീരനായ അഭിമന്യുവിന്റെ മരണം തന്റെ സഹപാഠിയുടെ മരണം നല്‍കുന്ന വേദനയ്ക്ക് തുല്യമാണ്. രാഷ്ട്രീയ മത നേതാക്കന്‍മാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെയും പ്രസ്ഥാനങ്ങളെയും ഉപയോഗിക്കുന്നത് അവസാനിക്കണമെങ്കിലും സാംസ്‌കാരിക നായകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങള്‍ പറയുമ്പോഴും മതം ഉയര്‍ത്തുന്ന വേലിക്കെട്ടുകള്‍ ആദ്യം സ്വയം ഭേദിച്ച ശേഷം മാത്രമെ മറ്റുള്ളവരെ ഉപദേശിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യന്റെ വായനാശീലം കുറഞ്ഞ സാഹചര്യവും ഇതിന് തിരിച്ചടിയാണ്. സമൂഹമാധ്യമങ്ങളിലും കാലത്തിനനുസരിച്ച് മാറി സാംസ്‌കാരിക നായകന്മാര്‍ സജീവമാകണം. ഇന്ന് ഇത്തരത്തില്‍ ശരിയായ എഴുത്തുകാര്‍ ആരും ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഏറെ യുവാക്കളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എത്ര വലിയ സംഭവം ഉണ്ടായാലും മനുഷ്യന്‍ പെട്ടെന്ന് മറക്കാന്‍ പഠിച്ചു. എഴുത്തുകാര്‍ എന്തേലും എഴുതി അവാര്‍ഡും പണവും വാങ്ങിയാല്‍ മാത്രം പോരാ പരമാര്‍ത്ഥം കണ്ട് സമൂഹത്തെ ഉദ്ബോധിപ്പിക്കാനാകണം.

സമൂഹത്തിന് മാറ്റം ഉണ്ടാകണമെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ ഉറക്കം വെടിയണം. സമൂഹത്തിന്റെ മനസ് ഉണരണമെങ്കില്‍ ഇവര്‍ ഉണര്‍ന്നേ തീരൂ ഇത്തരത്തിലൊരു മാറ്റം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.