തീവണ്ടിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാക്കള്‍ക്ക് തടവും പിഴയും

Wednesday 11 July 2018 9:11 pm IST

 

തലശ്ശേരി: മാതാപിതാക്കളോടും സഹോദരിയുമോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച രണ്ട് യുവാക്കള്‍ക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് മാറാടിലെ വേട്ടക്കരക്കണ്ടി വീട്ടില്‍ സജിനേഷ് (29), ബേപ്പൂരിലെ കൈതവളപ്പ് കോളനിയില്‍ മുരുകേഷ് (32) എന്നിവരെയാണ് മൂന്ന് വര്‍ഷം തടവിനും 25,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്.

2013 ഏപ്രില്‍ 2 ന് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസിലാണ് കേസിന്നാസ്പദമായ സംഭവം. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരത്തെ കുടുംബം സഞ്ചരിക്കുകയായിരുന്ന വണ്ടി യാത്രക്കിടെ കാസര്‍കോഡ് റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോഴാണ് റിസര്‍വ്വേഷന്‍ കോച്ചില്‍ മുകളിലെ ബര്‍ത്തില്‍ കിടന്ന പെണ്‍കുട്ടിയെ യുവാക്കള്‍ ഉപദ്രവിച്ചത്. കുട്ടി ബഹളംവെച്ചതോടെ പിതാവും സഹയാത്രികരും ടി.ടി.ഇ.യും ചേര്‍ന്ന് പ്രതികളെ കയ്യോടെ പിടികൂടി കാസര്‍കോട്ടെ റെയില്‍വെ പോലീസിന് കൈമാറുകയായിരുന്നു. വണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കുടുംബം പരാതി നല്‍കിയത്. കാസര്‍കോഡ് റെയില്‍വെ പോലീസാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.