കാവേരി നദി കരകവിഞ്ഞൊഴുകി റോഡുകള്‍ വെള്ളത്തിനടിയിലായി: ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി റോഡില്‍ ബോട്ടിറക്കി കുടക് ജില്ലാ ഭരണകൂടം

Wednesday 11 July 2018 9:11 pm IST

 

ഇരിട്ടി: ഒരാഴ്ച്ചയോളമായി കുടകില്‍ തുടരുന്ന കനത്ത മഴയില്‍ കാവേരി നദി കരകവിഞ്ഞൊഴുകി ഭാഗമണ്ഡല - നാപ്പോക്കുലു റോഡ് മുഴുവന്‍ വെള്ളത്തിനടിലായി. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ നിന്നും കുടുംബങ്ങളെ രക്ഷപ്പടുത്തി മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം വെള്ളം കയറിയ റോഡില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. മേഖലയിലെ നിരവധി ഗ്രാമങ്ങളും കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. അഗ്‌നിശമനസേനാ വിഭാഗവും പോലീസും രംഗത്തിറങ്ങിയിട്ടുണ്ട്.

ജില്ലാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് വെള്ളം കയറിയ ഭാഗമണ്ഡല-നാപ്പോക്കുലു റോഡില്‍ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തിയത്. എത്രയും പെട്ടെന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത മേഖലകളില്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. മഴയും വെള്ളപ്പൊക്കവും മൂലം മേഖലയില്‍ വന്‍ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. മഴ ഇനിയും തുടരുകയാണെങ്കില്‍ നാശനഷ്ടവും ആള്‍നാശവും ഇല്ലാതിരിക്കാനായി ജാഗ്രതയിലാണ് കുടക് ജില്ലാ ഭരണകൂടം. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം രണ്ട് തവണ തകര്‍ന്ന തിത്തിമത്തി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയായിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.