ബിഷപ് വിദേശത്തേക്ക് രക്ഷപ്പെടുമെന്ന് സൂചന; വിമാനത്താവളങ്ങളില്‍ ജാഗ്രത

Thursday 12 July 2018 4:26 am IST
പീഡനം നടന്നതായി കന്യാസ്്ത്രീയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കൂടാതെ മഠത്തിലെ സന്ദര്‍ശക ഡയറിയിലും ബിഷപ് താമസിച്ചതിന് തെളിവുണ്ട്. ഈ കാലയളവില്‍ പരാതിക്കാരോടപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിന് എതിരെയായിരുന്നു.

കുറവിലങ്ങാട്: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍  പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. വിദേശ രാജ്യങ്ങളില്‍ ഉന്നത ബന്ധങ്ങളുള്ള ബിഷപ് രാജ്യം വിട്ട് പോകാതെയിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. ബിഷപ് വത്തിക്കാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയം എസ്പിക്ക് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. എസ്പിയുടെ നേതൃത്വത്തില്‍ ഡിജിപി അടക്കമുള്ളവരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബിഷപ്പിനെ ജലന്ധറില്‍ എത്തി അറസ്റ്റ് ചെയ്യും. കുറവിലങ്ങാട്  കോണ്‍വെന്റിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ കേരള- പഞ്ചാബ് ഡിജിപി മാര്‍ക്ക് കേസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മൊഴിയെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് ജലന്ധറിലേക്ക് പോകുമെന്നാണ് വിവരം. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പഞ്ചാബ് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

പീഡനം നടന്നതായി കന്യാസ്്ത്രീയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കൂടാതെ മഠത്തിലെ സന്ദര്‍ശക ഡയറിയിലും ബിഷപ് താമസിച്ചതിന് തെളിവുണ്ട്. ഈ കാലയളവില്‍ പരാതിക്കാരോടപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും  ബിഷപ്പിന് എതിരെയായിരുന്നു. അതേ സമയം കന്യാസ്ത്രീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ് കുറവിലങ്ങാടിന് പുറത്ത് താമസിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ മഠത്തിലെത്തി തെളിവെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.