നെല്ലു സംഭരണം ചാകര; ഇടതുമുന്നണിയില്‍ ചക്കളത്തിപ്പോരാട്ടം

Thursday 12 July 2018 4:36 am IST

പാലക്കാട്: ഒന്നാംവിള നെല്ലുസംഭരണക്കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. സംഭരണച്ചുമതലയില്‍നിന്ന് സപ്ലൈകോയെ ഒഴിവാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ പരസ്യമായി രംഗത്തുവന്നതോടെ ഇടതുമുന്നണിയില്‍ ചക്കളത്തിപ്പോരാട്ടമായി.

കേരളത്തിലെ വന്‍കിട മില്ലുകളെയാണ് സര്‍ക്കാര്‍ നെല്ലുസംഭരണത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സീസണുകളിലായി കൈകാര്യചെലവിന്റെ കാര്യത്തില്‍ സര്‍ക്കാരും മില്ലുടമകളും തമ്മില്‍ ഉടക്കിലാണ്. കഴിഞ്ഞ രണ്ടാംവിള സംഭരണത്തിനു തയ്യാറാവാതിരുന്ന മില്ലുടമകള്‍ക്കു മുന്നില്‍ കീഴടങ്ങിയാണ് സപ്ലൈകോ നെല്ലുസംഭരണം ഒരുവിധത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെയാണ് സംഭരണച്ചുമതല സഹകരണബാങ്കുകളെ ഏല്‍പ്പിക്കാന്‍ സിപിഎമ്മിനകത്ത് രഹസ്യചര്‍ച്ച നടന്നത്. 

പാലക്കാട്ട് സിപിഎം നിയന്ത്രണത്തിലുള്ള പാഡികോ സഹകരണ റൈസ്മില്ലിനെ മുന്‍നിര്‍ത്തിയാണ് നെല്ല് സംഭരണത്തിന്റെ കുത്തക കൈക്കലാക്കാന്‍ ശ്രമം നടന്നത്. സിപിഎം ജില്ലാക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പാഡികോ അധികൃതര്‍ സര്‍ക്കാരിന് മുന്നില്‍വച്ച നിര്‍ദേശത്തെ സിപിഐ മന്ത്രിമാരും നേതാക്കളും സര്‍വശക്തിയുമെടുത്ത് എതിര്‍ത്തതായാണ് വിവരം. 

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് പണം നല്‍കാനും സംഭരിക്കുന്ന നെല്ല് പാഡികോ വഴി അരിയാക്കി നല്‍കാനുമാണ് പദ്ധതിയിട്ടത്. ഇത് നടപ്പായാല്‍ നെല്ലുസംഭരണത്തിന്റെ കുത്തകാവകാശം ഭക്ഷ്യപൊതുവിതരണ വകുപ്പിന് നഷ്ടപ്പെടും. കരാറുറപ്പിച്ച മില്ലുടകളുമായി പല സിപിഐ നേതാക്കള്‍ക്കും വകുപ്പുദ്യോഗസ്ഥര്‍ക്കും അവിഹിത ഇടപാടുകളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. 

    ഒരുവിഭാഗം നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നെല്ലുസംഭരണം ചാകരയാണ്. തങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ഒറ്റയടിക്ക് സിപിഎം തട്ടിയെടുക്കുമെന്ന് ഉറപ്പായതോടെയാണ് എതിര്‍പ്പ് രൂക്ഷമായത്. സഹകരണ ബാങ്കുവഴിയുള്ള നെല്ലുസംഭരണം മൂന്നുമാസം മുമ്പുവരെ സജീവ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. മാത്രമല്ല, ഒന്നാംവിള നെല്ലുസംഭരണത്തിനുള്ള ഉദ്യോഗസ്ഥ വിന്യാസം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇവര്‍ പറയുന്നു. ആഗസ്ത് പത്തുമുതല്‍ കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.