പോലീസില്‍ സ്ഥാനക്കയറ്റം വൈകുന്നു കാത്തിരിക്കുന്നത് 268 എസ്‌ഐമാര്‍

Thursday 12 July 2018 5:38 am IST

വിളപ്പില്‍: കേരളാ പോലീസില്‍ സിഐ കുപ്പായവും സ്റ്റേഷന്‍ ചുമതലയും പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് 268 എസ്‌ഐമാര്‍. ഒരുവര്‍ഷം മുമ്പ് ഇവരുടെ സ്ഥാനക്കയറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനമുണ്ടാകാത്തതിനാല്‍ പ്രമോഷന്‍ വൈകുകയാണ്. 

സംസ്ഥാനത്തെ 471 സ്റ്റേഷനുകളുടെയും ചുമതല എസ്‌ഐമാരില്‍ നിന്ന് സിഐമാര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിരുന്നു. പരിചയക്കുറവുള്ള എസ്‌ഐമാര്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരായുള്ള ചിലയിടത്ത് അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. ഇതനുസരിച്ച് 193 സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായി അതതു സിഐമാരെ ചുമതലപ്പെടുത്തി. ശേഷിച്ച 278 പോലീസ് സ്റ്റേഷനുകളില്‍ 242 എണ്ണത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി സിഐമാരുടെ മേല്‍നോട്ടത്തിലാക്കാന്‍ ധാരണയായി. എട്ടു മുതല്‍ പത്തുവര്‍ഷംവരെ സര്‍വീസുള്ള എസ്‌ഐമാര്‍ക്ക് സിഐമാരായി പ്രമോഷന്‍ നല്‍കി സ്റ്റേഷന്‍ ചുമതല നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ദ്രുതഗതിയില്‍ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ആഭ്യന്തരവകുപ്പിന് കൈമാറി.

ഇതിനിടെ, പോലീസിലെ ദാസ്യപ്പണി വിവാദം കൊടുമ്പിരിക്കൊണ്ടു. ഇതോടെ എസ്‌ഐമാരുടെ പ്രമോഷന്‍ സംബന്ധിച്ച ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ മൗനംപാലിച്ചു. സ്ഥാനക്കയറ്റ പട്ടികയില്‍ ഇടംപിടിച്ച എസ്‌ഐമാരെല്ലാം നിലവില്‍ സിഐമാരുടെ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരാണ്. അതുകൊണ്ടുതന്നെ പ്രമോഷന്‍ നല്‍കുന്നത് സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാക്കില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.