കന്യാസ്ത്രീ നല്‍കിയ പരാതികള്‍ മുക്കി; ബിഷപ്പിനായി പ്രാര്‍ഥിക്കണമെന്ന് സഭ

Thursday 12 July 2018 6:55 am IST

കുറവിലങ്ങാട്: മരണഭയവും മാനഹാനിയും മൂലമാണ് ബിഷപ്പ് പീഡിപ്പിച്ച  വിവരം നേരത്തേ പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി. ബിഷപ് 12 തവണ പീഡിപ്പിച്ചതായിട്ടാണ് മൊഴി. ഈ വെളിപ്പെടുത്തലോടെ പോലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുത്തു. ഇതിനിടെ, ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  കന്യാസ്ത്രീ നല്‍കിയ പരാതികള്‍ സഭാനേതൃത്വം മുക്കിയതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തായിട്ടുണ്ട്.

 പീഡനത്തെ എതിര്‍ത്തതോടൊപ്പം സഭയുടെ വിവിധ ഘടകങ്ങളില്‍ പരാതിയും നല്‍കിയിരുന്നതായി കന്യാസ്ത്രീ പറയുന്നു. വത്തിക്കാന് നല്‍കിയ പരാതിയില്‍ പോലും നീതി കിട്ടിയില്ല. കഴിഞ്ഞ ജൂണ്‍ 22 ന് വത്തിക്കാന് നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീ നല്‍കിയ പരാതികള്‍ മുക്കിയ സഭാ നേതൃത്വം ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.  

 അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ സഭാ നേതൃത്വം ബിഷപ്പിനായി പ്രാര്‍ഥിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ക്കും പള്ളികള്‍ക്കും നിര്‍ദേശം നല്‍കി. 

ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോഴും അനുകൂലിക്കുന്ന നിലപാട് ആണ് സഭാനേതൃത്വം കൈക്കൊള്ളുന്നത്. സഭയുടെ അധികാരികള്‍ക്ക് കന്യാസ്ത്രീ നല്‍കിയ പരാതികള്‍ എല്ലാം അവഗണിക്കുന്ന നിലപാടായിരുന്നു വിവിധ മതമേലധ്യക്ഷന്മാര്‍ സ്വീകരിച്ചത്. കുറവിലങ്ങാട് ഇടവക വികാരിയും പാലാ ബിഷപ്പും ആദ്യം തന്നെ പരാതി അവഗണിച്ചിരുന്നു. 

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മടക്കി അയയ്ക്കുകയാണ് ഉണ്ടായതെന്നും കന്യാസ്ത്രീയെ അനുകൂലിക്കുന്നവര്‍ പറയുന്നു.  

അതിനിടെ, ജലന്ധര്‍ ബിഷപ്പിനെ അനുകൂലിച്ച് സഭ നടത്തുന്ന വാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. സഭ നടത്തുന്ന ആഭ്യന്തര അന്വേഷണത്തോട് കന്യാസ്ത്രീ സഹകരിക്കുന്നില്ലെന്നാണ് സഭാനേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ സഭ നടത്തുന്ന ഏതൊരു അന്വേഷണത്തോടും സഹകരിക്കാമെന്ന് കാണിച്ച് കന്യാസ്ത്രീ സഭയ്ക്ക് അയച്ച കത്തും പുറത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു കന്യാസ്ത്രീ ഇതു സംബന്ധിച്ച കത്ത് മദര്‍ സുപ്പീരിയറിന് നല്‍കിയത്. എന്നാല്‍ ഇതെല്ലാം അവഗണിച്ച സഭാനേതൃത്വം, കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി പുറത്താക്കാനാണ് ശ്രമിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.