ഷംസീറിന്റെ ഭാര്യയുടെ നിയമനം:ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Thursday 12 July 2018 3:01 am IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ വിഭാഗത്തില്‍ സിപിഎം എംഎല്‍എ എ.എന്‍. ഷംസീറിന്റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിമുഖത്തില്‍ ഒന്നാം സ്ഥാനം നേടിയ ഡോ. എം.പി. ബിന്ദുവാണ്  ഹര്‍ജി നല്‍കിയത്. 

 ഒന്നാം സ്ഥാനക്കാരിയെ മറികടന്നാണ് സര്‍വകലാശാലയില്‍ ഷംസീറിന്റെ ഭാര്യക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് നിയമനം.  ജൂണ്‍ എട്ടിനാണ്  സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള വിജ്ഞാപനമിറക്കിയത്. അധ്യാപന പരിചയം, ദേശീയ-അന്തര്‍ ദേശീയ സെമിനാര്‍ പ്രസന്റേഷന്‍, പബ്ലിക്കേഷന്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു അഭിമുഖം . 

രണ്ടാം സ്ഥാനം നേടിയ ഷംസീറിന്റെ ഭാര്യക്ക് ഒന്നാം റാങ്കുകാരിയേക്കാള്‍ അഞ്ച് മാര്‍ക്ക് കുറവാണ.്  ഇതോടെയാണ് കരാര്‍ നിയമനത്തിന് ഒബിസി സംവരണം മാനദണ്ഡമാക്കി ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത്. 

കരാര്‍ അധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കുമ്പോള്‍ സംവരണം സംബന്ധിച്ച് എടുത്ത് പറഞ്ഞിരുന്നില്ല. പിന്നീടാണ് സംവരണം അടിസ്ഥാനമാക്കിയാണ് നിയമനമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയത്. ഈ വിഭാഗത്തില്‍ അവസാനം നടന്ന നിയമനം പൊതുവിഭാഗത്തിലായതിനാല്‍ തൊട്ടടുത്ത നിയമനം സംവരണ വിഭാഗത്തിന് അര്‍ഹപ്പെട്ടതാണെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതേ വിഭാഗത്തില്‍ ജൂണ്‍ എട്ടിന് നടന്ന മറ്റൊരു നിയമനം സംവരണ വിഭാഗത്തിലായതിനാല്‍ ഷംസീറിന്റെ ഭാര്യക്ക് നല്‍കിയ നിയമനം ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.