എന്‍ഡിഎഫുകാര്‍ക്ക് എതിരായ കേസുകള്‍ സിപിഎം അട്ടിമറിച്ചു

Thursday 12 July 2018 6:08 am IST

കോഴിക്കോട്: മാറാട് കൂട്ടക്കൊലയിലെ  പ്രതികളായ എന്‍ഡിഎഫുകാരെ രക്ഷിക്കാന്‍ സിബിഐ അന്വേഷണത്തിനെതിരെ രംഗത്തുവന്ന സിപിഎം നാദാപുരത്തും അവരുമായി ഒത്തുതീര്‍പ്പിലെത്തി. ഇതിന്റെ ഭാഗമായി കലാപകാലത്തെ നിരവധി ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഈന്തുള്ളതില്‍ ബിനുവിനെയടക്കം 1995 മുതല്‍ 2018 വരെ എന്‍ഡിഎഫ് സംഘം കേരളത്തില്‍ 31 പേരെയാണ് ആസൂത്രിതമായി കൊലചെയ്തത്. ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീകരമുഖമായിട്ടും എന്‍ഡിഎഫുമായി സിപിഎം ഒത്തുതീര്‍പ്പിലെത്തി കേസുകള്‍ പിന്‍വലിക്കുകയായിരുന്നു. 

2001 ജൂണ്‍ രണ്ടിന് കല്ലാച്ചി ടൗണില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബിനു കൊല്ലപ്പെട്ട കേസിലും സിപിഎം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണെടുത്തത്. 480/2001 നമ്പരായി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ആറ് പ്രതികളെ സെഷന്‍സ് കോടതി ശിക്ഷിക്കുകയും ആറുപേരെ വെറുതെ വിടുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട ആറ് എന്‍ഡിഎഫുകാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. എന്നാല്‍ പിന്നീട് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല. സിപിഎം  മൗനം പാലിച്ചു. 

ബിനു വധവുമായി ബന്ധപ്പെട്ട്  നാദാപുരം മേഖലയില്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ 480  കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു പോലീസ് സ്റ്റേഷനില്‍ ഇത്രയേറെ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെടുന്നതും ചരിത്രമായിരുന്നു. എന്നാല്‍ ഇതില്‍ പകുതിയോളം കേസുകള്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചു. ബാക്കിയുള്ള കേസുകളില്‍ സാക്ഷികള്‍ കൂറുമാറി  കേസ് ദുര്‍ബലപ്പെടുത്തുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു.

എന്‍ഡിഎഫ്-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍   പ്രതികള്‍ വിദേശത്തേക്ക് കടക്കുകയാണ് പതിവ്.  സിപിഎമ്മുകാരാകട്ടെ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് സ്റ്റേഷനില്‍ ഹാജരായി റിമാന്‍ഡിലാകും. വിദേശത്തേക്ക് രക്ഷപ്പെട്ട എന്‍ഡിഎഫുകാര്‍ക്ക് നാട്ടിലെത്തണമെങ്കില്‍ നിലവിലുള്ള കേസുകളില്‍  തീരുമാനമാകേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തി കേസുകള്‍ പിന്‍വലിക്കുന്നത്. കുറ്റവാളികളായ എന്‍ഡിഎഫുകാരും മുസ്ലിം ലീഗുകാരും  ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ രക്ഷപ്പെടുന്ന പതിവ് ആവര്‍ത്തിക്കപ്പെട്ടു. 

മുസ്ലിംലീഗ് അക്രമത്തില്‍ ഷിബിന്‍ കൊലചെയ്യപ്പെട്ട  കേസിലും മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി  വെറുതെവിട്ടു. ഇതോടനുബന്ധിച്ചുണ്ടായ 118 കേസുകളില്‍ 48 എണ്ണത്തില്‍ 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

എന്നാല്‍ ഭൂരിഭാഗം കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കാത്തത് കാരണം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.  

2010 ല്‍ മുസ്ലിംലീഗ് നേതാവായ സൂപ്പി നരിക്കാട്ടേരിക്ക് നേരെയുണ്ടായ ബോംബേറ് കേസും ഇക്കഴിഞ്ഞ മാസം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. സിപിഎം വനിതാ നേതാവിന്റെ വീടിന് നേരെയുണ്ടായ അക്രമത്തിലെ പ്രതികളാണ് ഇതുവഴി രക്ഷപ്പെട്ടത്. ഇരു വിഭാഗവും ഒത്തുതീര്‍പ്പിന്റെ സൗകര്യമനുഭവിക്കുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം 42 യുഎപിഎ കേസുകള്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. 2015 മാര്‍ച്ച് ഒമ്പതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 3,152 കേസുകള്‍ പിന്‍വലിച്ചതായി വ്യക്തമാക്കിയിരുന്നു. വിചാരണയുടെ വിവിധ ഘട്ടങ്ങളിലെ കേസുകളും ഇതില്‍പെടും. 

വാഹനങ്ങള്‍ തീയിട്ട നാദാപുരം മേഖലയിലെ 24 കേസുകളും ഒറ്റയടിക്ക് പിന്‍വലിച്ചു.  മാനദണ്ഡങ്ങള്‍ മറികടന്നാണ് കേസുകള്‍ പിന്‍വലിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ 321-ാം വകുപ്പിന്റെ ദുരുപയോഗമാണിതെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 

ഒരു കേസ് പിന്‍വലിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റു കൗണ്ടര്‍ കേസുകളും പിന്‍വലിക്കപ്പെടുന്നു. സിപിഎം-ലീഗ് നേതാക്കള്‍ ഗള്‍ഫ് നാടുകളില്‍ രഹസ്യ ചര്‍ച്ച നടത്തിയാണ് കേസുകള്‍ പിന്‍വലിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്‍ഡിഎഫ്-മുസ്ലിംലീഗ്-സിപിഎം ധാരണയില്‍ കേസുകള്‍ അട്ടിമറിക്കുന്നതാണ് നാദാപുരത്തെ സ്ഥിതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.