ബെല്‍ജിയത്തിന്റെ തോല്‍വിയില്‍ കോച്ചിന് നിരാശ

Thursday 12 July 2018 3:22 am IST

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്്: ഒപ്പത്തിനൊപ്പം പൊരുതി നിന്ന മത്സരത്തില്‍ കോര്‍ണര്‍കിക്കില്‍ ഗോള്‍ വഴങ്ങി ടീം തോറ്റതില്‍ ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന് നിരാശ. ലോകകപ്പ് സെമിയില്‍ മടക്കമില്ലാത്ത ഒരു ഗോളിനാണ് ബെല്‍ജിയം ഫ്രാന്‍സിനോട് തോറ്റത്.

ശക്തമായ പേരാട്ടമായിരുന്നു. കോര്‍ണര്‍കിക്കില്‍ ഗോള്‍ വഴങ്ങിയതാണ് വിനയായതെന്ന് മാര്‍ട്ടിനെസ് മത്സരശേഷം പറഞ്ഞു.ബെല്‍ജിയത്തിന്റെ തോല്‍വിയില്‍ ആരാധകരും കടുത്ത നിരാശയിലാണ്. ലോകകപ്പില്‍ കിരീടം നേടാന്‍ കൈവന്ന അവസരം നഷ്ടമായതില്‍ ദുഃഖിതരാണ് ആരാധകര്‍. 

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിനു സമീപത്തെ  നഗരമായ വാട്ടര്‍ലൂയില്‍ വമ്പന്‍ സ്‌ക്രീനില്‍ മത്സരം വീക്ഷിച്ചുകൊണ്ടിരുന്ന പതിനായിരക്കണക്കിന് ആരാധകര്‍ അവസാന വിസിലിന് മുമ്പ്് സ്ഥലം വിട്ടു. 1815 ല്‍ ഫ്രഞ്ച് ഭരണാധികാരിയായ നെപ്പോളിയന്‍ യൂറോപ്യന്‍ ശക്തികളോട് തോറ്റ യുദ്ധം നടന്ന സ്ഥലമാണ് വാട്ടര്‍ലൂ.

ടീമിന്റെ തോല്‍വിയില്‍ കടുത്ത നിരാശയുണ്ട്. എന്നിരുന്നാലും ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് ഒരു ആരാധിക പറഞ്ഞു. ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ ടീമിനെ അഭിനന്ദിച്ചു.

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെല്‍ജിയം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 1986 ലെ മെക്‌സിക്കോ ലോകകപ്പിലാണ് അവര്‍ അവസാനമായി സെമിഫൈനലിലെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.