ഉജ്വലം ഉംറ്റിറ്റി

Thursday 12 July 2018 4:26 am IST

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ മോഹങ്ങള്‍ പടിവാതിലില്‍ ഉടഞ്ഞുവീണു. ലോകകപ്പില്‍ കിരീടം മോഹിച്ചെത്തിയ അവര്‍ കലാശക്കളിയിലേക്ക് കടന്നുകയറാനുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിന് കീഴടങ്ങി. മുപ്പത്തിരണ്ട് വര്‍ഷത്തിനുശേഷം ഇതാദ്യമായി സെമിഫൈനലിലെത്തിയ ബെല്‍ജിയത്തെ ഏകപക്ഷീമായ ഒരു

ഗോളിനാണ് മുന്‍ ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. ഒരു വിജയവും കൂടി നേടിയാന്‍ ഫ്രാന്‍സിന് ലോകകപ്പ് സ്വന്തമാകും. ഇംഗ്ലണ്ട്- ക്രൊയേഷ്യ രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഫ്രാന്‍സ് നേരിടും.

രണ്ടാം പകുതിയില്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് ഉംറ്റിറ്റി ബെല്‍ജിയത്തിന്റെ പ്രഗല്‍ഭനായ ഗോളി തിബൂട്ട് കുര്‍ട്ടോയ്‌സിനെ കീഴ്‌പ്പെടുത്തിയത്. ഗോള്‍ മടക്കനായി ബെല്‍ജിയം നടത്തിയ ശ്രമങ്ങളൊക്കെ ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 

ഇംഗ്ലണ്ട്- ക്രൊയേഷ്യ രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ്ച ഫ്രാന്‍സ് ഫൈനലില്‍ നേരിടും. മോസ്‌ക്കോയിലെ ലുഷ്‌നികി സ്‌റ്റേിയത്തിലാണ് ഫൈനല്‍.  രണ്ടാം സെമിയില്‍ തോല്‍ക്കുന്ന ടീമുമായി ബെല്‍ജിയം ശനിയാഴ്ച ലൂസേഴ്‌സ് ഫൈനല്‍ കളിക്കും.

മിന്നുന്ന ഫോമില്‍ നില്‍ക്കുന്ന കെവിന്‍ ഡീ ബ്രൂയന്‍, ഏദന്‍ ഹസാര്‍ഡ് ,മുന്‍ നിരിയിലെ കരുത്തന്‍ റൊമേലു ലുക്കാക്കൂ, പ്രതിരോധത്തിലെ കുന്തമുനയായ വിന്‍സന്റ് കൊംപനി, കവാല്‍ഭടന്‍ തിബൂട്ട് കുര്‍ട്ടോയ്‌സ് എന്നിവര്‍ അണിനിരന്ന സുവര്‍ണതലമുറ ടീമിന് ഫ്രാന്‍സിനെ മറികടക്കാനായില്ല. ബെല്‍ജിയം ഫൈനലിലേക്ക് നടന്നുകയറുന്നത് കാണാന്‍ അവരുടെ രാജാവ് ഫിലിപ്പിയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍, തന്റെ ടീം ഫൈനലിലേക്ക് കടക്കുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

അഞ്ചു മത്സരങ്ങളില്‍ ജപ്പാനോട് മാത്രം പതറിപ്പോയ ബെല്‍ജിയം ബാക്കി നാലു മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് മുമ്പ് 1986 ലാണ് ബെല്‍ജിയം സെമിയിലെത്തിയത്. അന്ന് അര്‍ജന്റീനയോട് തോറ്റു. നാലു വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറിലും അവര്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.

സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ ആദ്യ അരമണിക്കൂര്‍ ബെല്‍ജിയത്തിന്റെ തേരോട്ടമായിരുന്നു. മധ്യനിരയും മുന്‍നിരയും ഒത്തിണങ്ങി കളിച്ചതോടെ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഫ്രാന്‍സിന്റെ പ്രത്യാക്രമണങ്ങളും കോംപനി നയിച്ച പ്രതിരോധ നിര ഫലപ്രദമായി തടഞ്ഞു. പിന്നീട് ബെല്‍ജിയത്തിന്റെ ആക്രമണത്തിന്റെ മുര്‍ച്ച കുറഞ്ഞു. 

രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റി ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഗ്രീസ്മാന്‍ എടുത്ത കോര്‍ണര്‍കിക്ക് ഹെഡ്‌ചെയ്ത് ബെല്‍ജിയത്തിന്റെ വലയിലാക്കി. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ പൊരുതിയ സുവര്‍ണതലമുറക്ക് അവസരങ്ങളും കൈവന്നു. ഏദന്‍ ഹസാര്‍ഡും ടോബി അല്‍ഡര്‍വീര്‍ല്‍ഡുമൊക്കെ ഗോളിനടുത്തെത്തിയതാണ്്. പക്ഷെ ഫ്രഞ്ച് ഗോളി ലോറിസ്  ഷോട്ടുകള്‍ രക്ഷപ്പെടുത്തി.

ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സും മികച്ച പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറപ്പിച്ച ഒട്ടേറെ ഷോട്ടുള്‍  കുര്‍ട്ടോയ്‌സ് രക്ഷപ്പെടുത്തി.

2016 സ്‌പെ്തംബറില്‍ സൗഹൃദമത്സരത്തില്‍ സ്‌പെയിനിനോട് തോറ്റ ശേഷം ഇതാദ്യമായാണ് ബെല്‍ജിയം തോല്‍വി അറിയുന്നത്. ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് അവര്‍ ഫ്രാന്‍സിനോട് തോല്‍ക്കുന്നത്. 1998, 2006 വര്‍ഷങ്ങളിലും ഫ്രാന്‍സ് ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നു. 1998 ല്‍ അവര്‍ ബ്രസീലിനെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. 2006 ലെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഇറ്റലിയോട് തോറ്റു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.