സര്‍ക്കാരിന് അനുകമ്പയുണ്ടെങ്കില്‍ പ്രീതയെ പുനരധിവസിപ്പിക്കണം: ഹൈക്കോടതി

Thursday 12 July 2018 3:30 am IST

കൊച്ചി: പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന ഉത്തരവില്‍ പ്രായോഗിക നടപടികള്‍ മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കിടപ്പാടം ഒഴിപ്പിച്ചെടുക്കാനുള്ള മുന്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അറിയിച്ചു. 

200 ലേറെ പോലീസുകാരെ വിന്യസിച്ച് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതിഷേധക്കാര്‍ സമരവുമായി രംഗത്തു വന്നതിനാല്‍ തുടര്‍നടപടി സാധ്യമായില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാവപ്പെട്ടവരുടെ ഭൂമി നഷ്ടമാകുന്ന സംഭവമാണ്. ഇതിലൊരു സാമൂഹ്യപ്രശ്‌നമുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ ഒരു മാസം കൂടി സമയം വേണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ആവശ്യപ്പെട്ടു. 

 ജനങ്ങളോട് സര്‍ക്കാരിനുള്ള അനുകമ്പ നല്ലതാണ്. പക്ഷേ, കോടതിയുടെ മഹത്വം ഇല്ലാതാക്കുന്ന നടപടികള്‍ പാടില്ലെന്ന് ഈ ഘട്ടത്തില്‍ ഡിവിഷന്‍ ബെഞ്ച് ഓര്‍മപ്പെടുത്തി. 50 പേര്‍ ഉള്‍പ്പെട്ട സമരക്കാരെ 200 ലധികം പോലീസുകാരെ നിയോഗിച്ചിട്ടും ഒഴിപ്പിക്കാന്‍ കഴിയാത്തതിനെ അനുകമ്പയാണെന്ന് പറയരുതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. സര്‍ക്കാരിന് അനുകമ്പയുണ്ടെങ്കില്‍ ഇവരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. 

കോടതിയുത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ സ്ഥിതി എന്താകും? വായ്പാകുടിശ്ശികയെത്തുടര്‍ന്ന് ഏറ്റെടുത്ത ഭൂമി ഇ - ലേലം വഴിയാണ് വിറ്റത്. ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ രണ്ട് ഹര്‍ജികള്‍ ഇവര്‍ നല്‍കിയത് ഹൈക്കോടതി തള്ളിയിരുന്നു. നിയമപ്രകാരം കൈമാറിയ ഭൂമി വാങ്ങിയ വ്യക്തിക്ക് ലഭ്യമാക്കേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷന്‍ ബെഞ്ച് നിയമവാഴ്ച ഇല്ലാത്ത വെള്ളരിക്കാപ്പട്ടണമായി നാടിനെ തരം താഴ്ത്താനാവില്ലെന്ന് വാക്കാല്‍ പറഞ്ഞു. എന്നാല്‍ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കുന്നതില്‍ ഒരു സാമൂഹ്യപ്രശ്‌നമുണ്ടെന്നും ഇതു കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവരെയും ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.