നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി: സര്‍ക്കാരിന്റെ നിലപാട് തേടി

Thursday 12 July 2018 3:32 am IST

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയില്‍ വിചാരണ നടത്തണമെന്നും സാധ്യമെങ്കില്‍ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് കേസ് മാറ്റണമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. 

ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രത്യേക കോടതി വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ ഈ ആവശ്യമുന്നയിച്ച് നടി നല്‍കിയ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. 

ഇതിനിടെ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസിലെ 11, 12ഉം പ്രതികളായ ഇരുവരും നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച് മറ്റു പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന കുറ്റമാണ് രണ്ട് അഭിഭാഷകര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. 

നടിയെ ആക്രമിച്ച പ്രതികളുടെ ബാഗ് അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്തെന്നും മാര്‍ച്ച് 23 ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഒന്നും നാലും പ്രതികളെ ഓഫീസില്‍ ഒളിപ്പിച്ചെന്നും അന്വേഷണ സംഘം ഇവര്‍ക്കെതിരെ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ പ്രതികള്‍ക്ക് നിയമ സഹായം നല്‍കുകയാണ് ചെയ്തതെന്നും കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.