സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ നിയമലംഘനം: നടപടിയെടുക്കാതെ സര്‍ക്കാര്‍

Thursday 12 July 2018 6:35 am IST

തിരുവനന്തപുരം: പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സമൂഹമാധ്യമങ്ങളില്‍ അപഹസിച്ച സംസ്ഥാന  പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക്   പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന ആരോപണവും  പുറത്ത് വന്നു. 

സര്‍ക്കാര്‍ ജീവനക്കാരന്‍ പാലിക്കേണ്ട നിരവധി നിയമങ്ങള്‍ ലംഘിച്ച പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുമായ ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. 

പ്രധാനമന്ത്രിയെയും  മറ്റ് കേന്ദ്രമന്ത്രിമാരെയും അധിക്ഷേപിച്ച് നിരവധി പോസ്റ്റുകള്‍ ഹക്കിന്റെ ഫേസ്ബുക്ക് പേജിലുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ വളരെ മോശമായി ഇയാള്‍ ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രിക്ക് നേരെ ഭീകര ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയും ഹക്ക്  പരിഹസിക്കുന്നു. 

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുന്നതില്‍  പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് മുഖ്യപങ്കുണ്ട്. ഇത്തരത്തില്‍ സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിരിക്കുന്നത്. 

പ്രോട്ടോക്കോള്‍ ഓഫീസറുടെ നിയമലംഘനം സര്‍ക്കാരിന് മുന്നില്‍ എത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടു.  ഹക്കിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും  താന്‍ നിയമലംഘനം നടത്തിയിട്ടില്ല എന്ന മറുപടിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഹക്കിന്റെ അടുപ്പക്കാരായതിനാല്‍ ഫയല്‍ ക്ലോസ് ചെയ്യണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും  അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്ത കേരളാ പോലീസ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ നിയമലംഘനത്തിനെതിരെ കണ്ണടയ്ക്കുന്നു.  നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കുറ്റത്തിന്  സെക്രട്ടേറിയറ്റിലെ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഹക്കിന്റെ ഫേസ്ബുക്കില്‍ നക്‌സലൈറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പോസ്റ്റുകളും, ഐഎസ് തീവ്രവാദികളുടെ പ്രസ്താവനകളും കടന്നു കൂടിയിട്ടുണ്ട്. പോലീസ് നടപടി എടുക്കാതിരിക്കാന്‍ സിപിഎമ്മിനെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.