ഇസ്ലാമിക ഭീകരതയ്ക്ക് സിപിഎം കീഴടങ്ങി

Thursday 12 July 2018 6:46 am IST

കൊച്ചി: മുസ്ലിം ഭീകരതയ്ക്കു മുന്നില്‍ സിപിഎം മുട്ടുമടക്കി. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തേെണ്ടന്ന് തീരുമാനം. 

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി നിയമോപദേശം തേടിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. അതുകൊണ്ട് തന്നെ നിയമോപദേശവും ആ വഴിക്കായി. 

ഇതോടെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തേെണ്ടന്ന നിലപാടില്‍ പോലീസ് എത്തി.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന യുഎപിഎ ഭീകര നിയമമാണെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നിരന്തരം ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. യുഎപിഎ മുസ്ലിം വേട്ടയെന്നാരോപിച്ചായിരുന്നു ക്യാമ്പയിന്‍. 2017 ഏപ്രിലില്‍ യുഎപിഎയുടെ പേരില്‍ മുസ്ലിം സമുദായത്തെ വേട്ടയാടുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. അഭിമന്യുവിന്റെ കൊലയാളികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാല്‍ മുസ്ലിം സമുദായം പാര്‍ട്ടിക്കെതിരായേക്കുമെന്നും അത് വോട്ടുബാങ്കിനെ ബാധിച്ചേക്കുമെന്നും സിപിഎം ഭയക്കുന്നു.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതില്‍ പാര്‍ട്ടിക്കുള്ളിലും വ്യത്യസ്ത അഭിപ്രായമാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം നിയമയുദ്ധത്തിലാണ്. ഇതിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിമന്യു വധക്കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് പാര്‍ട്ടിയെ ബാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കടുത്ത നിലപാടു വേണ്ടെന്നാണ് സിപിഎം പോലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് പോപ്പുലര്‍ ഫ്രണ്ടുമായി സിപിഎം നടത്തിയിട്ടുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം പറയുന്നത്. 

അഭിമന്യു വധത്തില്‍ പ്രതിഷേധിച്ച് വര്‍ഗീയതയ്‌ക്കെതിരെ സിപിഎം നടത്തുന്ന വ്യാപക പ്രചാരണത്തിന് പിന്നിലും ഇരട്ടത്താപ്പ് പ്രകടമാണ്. ആര്‍എസ്എസ്സും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയാണെന്ന പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. ഇതിന്റെ ലക്ഷ്യം പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശലാണ്.

അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളെ കണ്ടെത്തി പിടികൂടുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ ഏഴുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചനയും പ്രതികളെ സഹായിച്ചുവെന്ന കുറ്റവുമാണ്. മുഖ്യ പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ്. ഇതിനിടെയാണ് കേസില്‍ യുഎപിഎ വേണ്ടെന്ന തീരുമാനം.

കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്‍ തീവ്രവാദ സ്വഭാവം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.